യുകെയേ തണുപ്പ് വന്നു പൊതിഞ്ഞു തുടങ്ങി, കനത്ത മഞ്ഞ് വീഴ്ചയും കൊടും ശൈത്യവും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ചില്ലറയൊന്നുമല്ല. അതുകൊണ്ട് തന്നെ മഞ്ഞുകാലത്തെ അതിജീവിക്കുക എന്നത് അല്പം കഷ്ടം തന്നെയാണ്. പൊതുവേ മഞ്ഞുകാലത്തെ സൌന്ദര്യ സംരക്ഷണത്തെ കുറിച്ചാണ് എല്ലാവരും പറഞ്ഞു കേള്‍ക്കാറ് എന്നാല്‍ ഇവിടെ പറയാന്‍ പോകുന്നത് മഞ്ഞ് കാലത്ത് ഉണ്ടായേക്കാവുന്ന മറ്റു ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും അവയ്ക്ക് നല്‍കേണ്ട പ്രഥമ ശ്രുശ്രൂഷകളെ കുറിച്ചുമാണ്.
ഉളുക്ക് അല്ലെങ്കില്‍ ഒടിവ്
ഏതാണ്ട് മൂന്നു മില്യനോളം ആളുകളാണ് ഓരോ വര്‍ഷവും മഞ്ഞുകാലത്ത് ഐസില്‍ തെന്നി വീണു ഉളുക്കും ഒടിവുമോക്കെയായി കിടപ്പിലാകുന്നത്. പലപ്പോഴും ഉളുക്കിയതാണോ ഒടിഞ്ഞതാണോ എന്നൊന്നും ഒറ്റ നോട്ടത്തില്‍ നമുക്ക് തിരിച്ചറിയാന്‍ സാധിചേക്കില്ല. അതുകൊണ്ട് തന്നെ ഉളുക്കിയതാണോ ഒടിഞ്ഞതാണോ എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്, നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എന്ക്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഉടനടി ഒരു ആരോഗ്യ വിദഗ്തനെ സമീപിക്കുക.
ഒടിവാണ് സംഭവിച്ചതെങ്കില്‍ നിങ്ങള്‍ ആശുപത്രിയില്‍ പോകേണ്ടതുണ്ട് പക്ഷെ അതിന് മുന്‍പ് ഒടിവ് സംഭവിച്ച വയവത്തിനു അത് കയ്യോ കാലോ ആയിക്കൊള്ളട്ടെ വേണ്ടത്ര താങ്ങ് നല്‍കുക എന്നുള്ളതാണ്, കുറയുകയോ തൂക്കിയിടുകയോ അരുത്. ഉളുക്കിയതാണെങ്കില്‍ പൂര്‍ണമായ വിശ്രമം നല്‍കുക, മുഴ ഇല്ലാതാക്കാനായി ഐസ് പിടിക്കുന്നത് നന്നായിരിക്കും. അതേസമയം ഐസ് ശരീരത്തില്‍ സ്പര്ശിക്കാതെയും നോക്കണം. ഉളുക്ക് സംഭവിച്ച ഭാഗം ഉയര്‍ത്തി പിടിക്കുകയും ചെയ്യുക.
തലയ്ക്ക് മുറിവേല്‍ക്കുന്നത്
ചെറുതാണെങ്കിലും തലക്കേല്‍ക്കുന്ന ഓരോ മുറിവും ഉണ്ടാക്കുന്ന തലവേദന ചെറുതൊന്നുമല്ല. ചില കേസുകളില്‍ ഇത് മാരകം തന്നെയായെക്കും. മുറിവുണ്ടായി 48 മണിക്കൂറിനുള്ളില്‍ മനംപുരട്ടല്‍, ആശങ്ക, തല ചട്ടുക എന്നിവ ഉണ്ടാകുകയാണെങ്കില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകേണ്ടതുണ്ട്. തല മുറിഞ്ഞു രക്തം വരുന്നതിനോപ്പം ഇത്തരം സൂചനകള്‍ കൂടി ഉണ്ടാകുന്നത് തല്യ്ക്കെട്ട ആഘാതം തലച്ചോറിനെ ബാധിക്കുന്നതിന്റെ ലക്ഷണമാണ്.
ശ്വാസതടസം പോലുള്ള മഞ്ഞുകാല പ്രശ്നങ്ങള്‍
മഞ്ഞുകാലം പൊതുവേ പലര്‍ക്കും നല്‍കുന്ന മറ്റൊരു ആരോഗ്യ പ്രശ്നമാണ് ശ്വാസതടസം. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ പറയുകയേ വേണ്ട തണുപ്പ് കൂടിയാകുമ്പോള്‍ അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ഇത് ബാധിക്കും. ഇത്തരക്കാര്‍ ജിപിമാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നതാണ് നല്ലത്.
മരവിപ്പ്
തണുത്തു മരവിച്ചു പോകുവാനുള്ള സാധ്യത യുകെയിലെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ കൂടുതലാണ്. ഇതോടൊപ്പം തന്നെ ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് ഹൈപോതെര്‍മിയ. കൊടും തണുപ്പില്‍ ശരീരം തണുത്തു വിരയ്ക്കുന്നതിനോപ്പം സൂചി കുത്തുന്നത് പോലെ വേദന അനുഭവപ്പെടുന്നതും ചര്‍മത്തിന്റെ നിറം ആദ്യം വെളുത്തും പിന്നീട് നീലയാകുന്നതുമാണ് ലക്ഷണങ്ങള്‍.
ശ്രദ്ധിക്കേണ്ടത് :-
* ചൂടുള്ള സ്ഥലത്തേക്ക് മാറി ഇരിക്കുക
* മോതിരം, ഷൂ, കയ്യുറ തുടങ്ങിയ ശരീരത്തില്‍ ഇറുകി കിടക്കുന്നവ ഊരി കളയുക
* കൈക്കൊണ്ടു ഉരസി ചൂടാക്കുക
ആസ്ത്മ
കാലാവസ്ഥാ മാറ്റങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്ന രോഗാവസ്ഥയാണ് ആസ്ത്മ. മൂക്കില്‍ നിന്ന് ശ്വാസകോശങ്ങളിലെ നേര്‍ത്ത അറകളിലേക്ക് വായു എത്തിക്കുന്ന ശ്വാസക്കുഴല്‍ ചുരുങ്ങി ശ്വാസതടസ്സം അനുഭവപ്പെടുന്ന അവസ്ഥയാണിത്. പലവിധത്തില്‍ ശ്വാസക്കുഴല്‍ ചുരുങ്ങുന്ന ഈ അവസ്ഥയുണ്ടാകും. ശ്വാസനാളി ഭിത്തികള്‍ മുറുകിച്ചുരുങ്ങിയും നീര്‍വീക്കം വന്ന് ശ്വാസനാളി ഭിത്തിക്ക് കനം കൂടിയും കഫക്കെട്ട് മൂലവും ഒക്കെ ഇങ്ങനെ ശ്വാസതടസ്സം അനുഭവപ്പെടും. ശ്വാസമെടുക്കുമ്പോള്‍ ചൂളം വിളിക്കുന്നതുപോലുള്ള ശബ്ദം, ശ്വാസംമുട്ട്, കുറുകലും ചുമയും എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ജീവിത സാഹചര്യങ്ങളിലെ പൊടി, പുക തുടങ്ങി അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങളാണ് പ്രധാനമായി ആസ്ത്മയ്ക്ക് കാരണമാകുന്നത്. രോഗം തീവ്രമാക്കുന്ന പ്രേരകഘടകങ്ങളുമുണ്ട്.
ശ്രദ്ധിക്കേണ്ടത്
* ഏത് വസ്തുവിനോടാണ് അലര്‍ജി എന്ന് തിരിച്ചറിഞ്ഞ് അവ
ഒഴിവാക്കുക.
* എല്ലാത്തരം പുകയില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുക
* കിടക്ക, തലയണ, കമ്പിളിപ്പുതപ്പ്, കുഷ്യന്‍ എന്നിവ ആസ്ത്മക്കാര്‍ക്ക് നല്ലതല്ല. ഉപയോഗിക്കുകയാണെങ്കില്‍ പൂര്‍ണമായി പൊടി
വിമുക്തമാക്കുക.
* ബെഡ്ഷീറ്റും പുതപ്പുമൊക്കെ ചൂടുവെള്ളത്തില്‍ കഴുകി
വെയിലത്തുണക്കുക
* മുറികളും ജനലുകളുമൊക്കെ നനച്ച് തുടച്ച് പൊടി
വിമുക്തമാക്കുക
* കിടപ്പറയില്‍ കടലാസുകളും തുണികളുമൊക്കെ കൂടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക
* വാഹനമോടിക്കുമ്പോള്‍ ഫെയ്‌സ് മാസ്‌ക് ധരിക്കുക
* പൂക്കളുണ്ടാകുന്ന ചെടികള്‍ മുറികളില്‍ വെക്കാതിരിക്കുക
* തണുത്ത ഭക്ഷണം ഒഴിവാക്കുക
* ആസ്ത്മ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.
അലര്‍ജിക് റൈനൈറ്റിസ്
കാലാവസ്ഥ മാറുമ്പോള്‍ വ്യാപകമായി കാണുന്ന അലര്‍ജിമൂലമുണ്ടാകുന്ന മറ്റൊരു രോഗാവസ്ഥയാണിത്. പൂമ്പൊടി, പൊടി, പുക തുടങ്ങിയവയോടൊക്കെ ചിലരുടെ ശരീരത്തിലെ പ്രതിരോധവ്യവസ്ഥ പെട്ടെന്ന് പ്രതികരിച്ച് ആന്റിബോഡി ഉണ്ടാക്കുന്നതാണ് ഇതിന് കാരണം. പനി, മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍, കണ്ണിന് ചൊറിച്ചിലും ചുവപ്പ് നിറവും തുടങ്ങിയവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങള്‍.
ശ്രദ്ധിക്കേണ്ടത്:-
* അലര്‍ജി ടെസ്റ്റ് നടത്തി അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍
കണ്ടെത്തി ഒഴിവാക്കുക
* തണുത്ത കാലാവസ്ഥയില്‍ നിന്ന് മാറി നില്‍ക്കുക
* ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്റ്റിറോയിഡ് മരുന്നുകള്‍
ഉപയോഗിക്കുക.
ടോണ്‍സിലൈറ്റിസ്
ടോണ്‍സിലൈറ്റിസ് മൂലമുള്ള തൊണ്ടവേദന തണുപ്പുകാലത്ത് കൂടുതലാണ്. പ്രത്യേകിച്ച് കുട്ടികളില്‍. അണ്ണാക്കിന് ഇരുവശങ്ങളിലുമുള്ള ലിംഫ് നോഡുകള്‍ക്കുണ്ടാകുന്ന അണുബാധയാണിത്. തൊണ്ടവേദന, ആഹാരവും ഉമിനീരും ഇറക്കാന്‍ ബുദ്ധിമുട്ട്, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. സ്‌ട്രെപ്‌റ്റോ കോക്കസ് ബാക്ടീരിയ, വൈറസുകള്‍ എന്നിവ ടോണ്‍സിലൈറ്റിസിന് കാരണമാകാം. മുതിര്‍ന്നവരില്‍ ടോണ്‍സിലൈറ്റിസിനേക്കാള്‍ കൂടുതല്‍ ഫാരിന്‍ജൈറ്റിസാണ് കാണുന്നത്. ഇതില്‍ ടോണ്‍സിലൈറ്റിസ് ലക്ഷണങ്ങളോടൊപ്പം ശബ്ദവ്യത്യാസവും ഉണ്ടാകാം.
ശ്രദ്ധിക്കേണ്ടത്:-
* ചെറുചൂടോടെ ഉപ്പുവെള്ളം കൊണ്ട് കവിള്‍ കൊള്ളുക, ഗാര്‍ഗിള്‍ ചെയ്യുക. രക്താതിമര്‍ദക്കാര്‍ ഉപ്പ് ഒഴിവാക്കണം.
* തണുത്ത ഭക്ഷണം ഒഴിവാക്കുക
* രണ്ടുനേരം ബ്രഷ് ചെയ്യുക, ദന്ത, മോണ രോഗങ്ങള്‍ കൃത്യമായി
ചികില്‍സിക്കുക.
* ചെവിയിലെ നീര്‍ക്കെട്ടും ടോണ്‍സിലൈറ്റിസിന്
കാരണമാകാവുന്നതുകൊണ്ട് ഉടന്‍ ചികില്‍സിക്കുക.
* ടോണ്‍സിലൈറ്റിസിന് കൃത്യമായി ചികില്‍സിച്ചില്ലെങ്കില്‍ അതു
മറ്റ് അവയവങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്.
വൈറല്‍ പനി
കാലാവസ്ഥ മാറുമ്പോള്‍ വ്യാപകമായി കാണുന്ന ഒന്നാണ് വൈറല്‍പ്പനി. വൈറസിന്റെ സ്വഭാവമനുസരിച്ച് രോഗലക്ഷണങ്ങളില്‍ മാറ്റമുണ്ടാകും. പനി, ക്ഷീണം, ശരീരവേദന, തലവേദന, സന്ധിവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ പനിയോടൊപ്പം ഉണ്ടാകാം.
ശ്രദ്ധിക്കേണ്ടത്:-
*പനി വന്നാല്‍ പൂര്‍ണ വിശ്രമമെടുക്കുക
*ലഘുവായ ഭക്ഷണം മാത്രം കഴിക്കുക
*കര്‍ശനമായ ശുചിത്വം പാലിക്കുക
*സ്വയം ചികില്‍സിക്കാതെ ഡോക്ടറുടെ നിര്‍ദേശം തേടുക
സൈനസൈറ്റിസ്
മൂക്കിന് ചുറ്റും കണ്ണിന് താഴെയുള്ള വായു അറകളെ (സൈനസുകള്‍) ബാധിക്കുന്ന അണുബാധ, നീര്‍ക്കെട്ട് എന്നിവയാണ് സൈനസൈറ്റിസ്. ഈ അറകളില്‍ നിന്ന് സ്രവങ്ങള്‍ ഒഴുകിപ്പോകാതെ കെട്ടിക്കിടന്ന് പഴുപ്പുണ്ടാകുമ്പോഴാണ് സൈനസ് ഗുരുതരമാകുന്നത്. അലര്‍ജി, ബാക്ടീരിയ, വൈറസ് ബാധകള്‍ എന്നിവ സൈനസൈറ്റിസിന് കാരണമാകും. പനി, തലവേദന, മൂക്കടപ്പ്, മഞ്ഞ നിറത്തിലുള്ള കഫം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.
ശ്രദ്ധിക്കേണ്ടത്
* പുകവലി ഒഴിവാക്കുക
* ശുചിത്വം പാലിക്കുക. മൂക്ക് ചീറ്റിയശേഷം കൈകള്‍ സോപ്പിട്ട്
കഴുകുക
* തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാലകൊണ്ട് മറയ്ക്കുക.
* പൂമ്പൊടി, പുക, പൊടി എന്നിവ ഒഴിവാക്കുക
* ആവി പിടിക്കുക
* സ്വയം ചികില്‍സ ഒഴിവാക്കി എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക
ബ്രോങ്കൈറ്റിസ്
ശ്വാസനാളിയെ ബാധിക്കുന്ന അണുബാധയും നീര്‍ക്കെട്ടുമാണ് ബ്രോങ്കൈറ്റിസ് വരുത്തുന്നത്. വിട്ടുമാറാത്ത ചുമ, കഫം, കുറുകല്‍, നെഞ്ചില്‍ അസ്വസ്ഥത തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. പൊടി, രാസവസ്തുക്കള്‍ എന്നിവ കഫക്കെട്ട് വര്‍ധിക്കാന്‍ ഇടയാക്കും.
ശ്രദ്ധിക്കേണ്ടത്:-
*പുകവലി ഒഴിവാക്കുക
*പൊടി, പുക, രാസവസ്തുക്കള്‍ എന്നിവ ഒഴിവാക്കുക
*പരമാവധി തണുത്ത കാലാവസ്ഥയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക
*ചുമയ്ക്കുമ്പോള്‍ കഫം തുപ്പിക്കളയുക
*കര്‍ശനമായ ശുചിത്വം പാലിക്കുക.
*ചിലപ്പോള്‍ ഇന്‍ഹേലര്‍ വേണ്ടിവരാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല