സ്വന്തം ലേഖകൻ: പിറന്നാളിന് കേക്ക് മുറിക്കുന്നതിന് തൊട്ടുമുമ്പ് മെഴുകുതിരികള്‍ വാങ്ങിയിട്ടില്ലെന്ന സത്യം തിരിച്ചറിഞ്ഞാല്‍ എന്തുചെയ്യും? മെഴുകുതിരി ഊതിക്കെടുത്താന്‍ കാത്തുനില്ക്കുന്ന പിറന്നാളുകാരിയായ സുഹൃത്തിനോട് എന്ത് പറയും? ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് മെഴുകുതിരി വാങ്ങാനായി തൊട്ടടുത്ത കടയിലേക്ക് ഓടേണ്ടിവരും.
എന്നാല്‍ ഈ പ്രതിസന്ധി മനോഹരമായി മറികടന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അവര്‍ പിറന്നാളുകാരിക്ക് ഒരുക്കിയത് ഡിജിറ്റല്‍ മെഴുകുതിരികളാണ്. സ്മാര്‍ട്ട് ഫോണിന്റെ ഫ്ളാഷ് ലൈറ്റാണ് ഈ ഡിജിറ്റല്‍ മെഴുകുതിരി!
ഫോണിന്റെ ഫ്ളാഷ് ലൈറ്റ് ഓണാക്കി കൂട്ടുകാര്‍ ഓരോരുത്തരും പിറന്നാളുകാരിക്ക് ചുറ്റും പിടിച്ചു. ഓരോ ഫളാഷ് ലൈറ്റും ഊതുന്ന സമയത്തുതന്നെ കൂട്ടുകാര്‍ ഓരോരത്തരും ലൈറ്റ് ഓഫാക്കി. ഇതിന്റെ ടൈമിങ് കൃത്യമായതോടെ ഡിജിറ്റല്‍ മെഴുകുതിരിയും അതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
ഡിജിറ്റല്‍ ക്രിയേറ്ററായ അരിന്ദം ആണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പിറന്നാളുകാരിയുടെ പേര് നേഹ എന്നാണെന്നും ഈ ഐഡിയക്ക് പിന്നില്‍ സുഹൃത്ത് സോഹം ബാനര്‍ജിയാണെന്നും അരിന്ദം വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഒരു കോടി ആളുകളാണ് ഈ വീഡിയോ കണ്ടത്. 22 ലക്ഷം പേര് ലൈക്കും ചെയ്തു. ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. ഇതുപോലെയുള്ള കൂട്ടുകാരേയാണ് വേണ്ടത് എന്നായിരുന്നു പലരുടേയും കമന്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല