സ്വന്തം ലേഖകൻ: കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം മാതാപിതാക്കളെ പരിപാലിക്കാനായി ഫുൾ ടൈം മകൾ ജോലി ഏറ്റെടുത്തിരിക്കുകയാണ് ഒരു യുവതി. ചൈനയിൽ നിന്നുള്ള നിയാനൻ എന്ന നാൽപ്പതുകാരിയുടെ വാർത്തയാണ് സാമൂഹികമാധ്യമത്തിൽ നിറയുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റിലൂടെയാണ് ഇവരുടെ കഥ പുറത്തുവന്നത്.
15 വർഷത്തോളം ഒരു ന്യൂസ് ഏജൻസിക്കു വേണ്ടി പ്രവർത്തിക്കുകയായിരുന്നു നിയാനൻ. എന്നാൽ 2022 മുതൽ നിയാനന്റെ ഉത്തരവാദിത്തങ്ങൾ കൂടുകയും ജോലി കൂടുതൽ സമ്മർദം നിറഞ്ഞതായി തുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മകൾക്ക് സഹായകമാകുന്ന തീരുമാനവുമായി മാതാപിതാക്കൾ എത്തിയത്.
സമ്മർദം നിറഞ്ഞ ഈ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും തങ്ങൾക്കൊപ്പം നിൽക്കാനാണ് മാതാപിതാക്കൾ ആവശ്യപ്പെട്ടത്. മാതാപിതാക്കളുടെ കാര്യങ്ങൾ നോക്കി സദാ അവരുടെ കൂടെനിൽക്കുന്നതിന് മാസം തോറും 4000 യുവാൻ അഥവാ നാൽപ്പത്തിയേഴായിരം രൂപ ശമ്പളമായി നൽകാമെന്നും അറിയിച്ചു. ഇതോടെ മറുത്തൊന്നും ചിന്തിക്കാതെ ആ ഓഫർ സ്വീകരിക്കാൻ തന്നെ നിയാനൻ തീരുമാനിച്ചു.
മാസം ഒന്നേകാൽ ലക്ഷത്തിൽപരം പെൻഷൻ വാങ്ങുന്ന മാതാപിതാക്കൾ അതിൽ നിന്ന് ഒരുഭാഗമാണ് മകൾക്കായി കൊടുക്കാൻ തീരുമാനിച്ചത്. സ്നേഹം നിറഞ്ഞ പ്രൊഫഷൻ എന്നാണ് തന്റെ പുതിയ ജോലിയെ നിയാനൻ വിശേഷിപ്പിക്കുന്നത്. സ്നേഹത്തോടെ തന്നെ മാതാപിതാക്കളുടെ ദൈനംദിന കാര്യങ്ങൾ ചെയ്തു തീർക്കാറുണ്ടെന്നും നിയാനൻ പറയുന്നു.
രാവിലെ എഴുന്നേറ്റാൽ മാതാപിതാക്കൾക്കൊപ്പം ഒരുമണിക്കൂർ നൃത്തം ചെയ്യുക എന്നത് ജോലിയുടെ ഭാഗമാണ്. ശേഷം അവരെ കടയിലും മറ്റും കൊണ്ടുപോകണം. വൈകുന്നേരങ്ങളിൽ അച്ഛനൊപ്പം അത്താഴം പാകം ചെയ്യും. ഇലക്ട്രോണിക് സംബന്ധമായ ജോലികളും ഡ്രൈവർ ജോലിയുമൊക്കെ നിയാനൻ തന്നെയാണ് ചെയ്യുന്നത്. മാസം തോറും വീട്ടിൽ നിന്നും വെക്കേഷനും മറ്റും സംഘടിപ്പിക്കേണ്ടതും ജോലിയുടെ ഭാഗമാണ്.
മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം ചികിത്സയ്ക്ക് തുല്യമാണ് എന്ന് നിയാനൻ പറുന്നു. എന്നും പണം ഉണ്ടാക്കുക എന്നത് തനിക്കേറെ സമ്മർദം നൽകിയിരുന്നു. ജോലിയുടെ സ്വഭാവവും സമ്മർദം നിറഞ്ഞതായിരുന്നു. അങ്ങനെയാണ് മാതാപിതാക്കളുടെ ഓഫർ സ്വീകരിക്കാൻ തീരുമാനിച്ചത്.
ഇങ്ങനെയൊക്കെയാണെങ്കിലും ഭാവിയിൽ നല്ലൊരു ജോലി കിട്ടിയാൽ നിയാനന് പോകാനുള്ള അനുവാദവും മാതാപിതാക്കൾ നൽകുന്നുണ്ട്. അതല്ല ജോലി ചെയ്യേണ്ട എന്നതാണ് മകളുടെ തീരുമാനമെങ്കിൽ തങ്ങൾക്കൊപ്പം വീട്ടിലെ കാര്യങ്ങൾ നോക്കി നിൽക്കാമെന്നും അവർ പറയുന്നുണ്ട്.
ചൈനയിലെ യുവാക്കൾക്കിടയിൽ നിയാനന്റെ പുതിയ പ്രൊഫഷൻ ചർച്ചയായിട്ടുമുണ്ട്. മത്സരപൂർണമായ തൊഴിലിടങ്ങൾ ഉപേക്ഷിച്ച് ഇത്തരം ഓഫറുകൾ സ്വീകരിക്കുകയാണ് ഉത്തമം എന്നാണ് പലരും കരുതുന്നത്. എന്നാൽ ഈ രീതി പിന്തുടരുന്നതിലൂടെ മാതാപിതാക്കളെ ആശ്രയിച്ചല്ലാതെയുള്ള ജീവിതം അസാധ്യമാകുമെന്ന വിമർശനം ഉന്നയിക്കുന്നവരുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല