ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്‍ രക്ഷിക്കാനായി ഗര്‍ഭിണി 75 ദിവസം ശരീരം അനക്കാതെ കിടന്നു. കാലുകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തിവച്ചാണ് യുവതി കിടന്നത്. പോളണ്ടുകാരി ജൊവാന ക്രിസ്‌റ്റോനെക് ആണ് ഇങ്ങനെ തലകീഴായി കിടന്നത്. 75 ദിവസം പൂര്‍ത്തിയായപ്പോള്‍ ഈ പോളിഷ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മ നല്‍കി. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.
മൂന്ന് കുഞ്ഞുങ്ങളെയാണ് യുവതി ഗര്‍ഭം ധരിച്ചത്. എന്നാല്‍ ഗര്‍ഭാവസ്ഥയുടെ അഞ്ചാം മാസം യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഒരു ചാപിള്ളയെ അവര്‍ പ്രസവിക്കുകയും ചെയ്തു. എന്നാല്‍ മറ്റ് രണ്ട് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ പ്രസവം തടയുകയായിരുന്നു. തുടര്‍ന്ന് കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തി അനങ്ങാതെ കിടക്കാന്‍ യുവതിയോട് നിര്‍ദ്ദേശിച്ചു.
മൂന്ന് മാസത്തോളം ഈവിധം കിടന്ന യുവതി പൂര്‍ണ്ണ ആരോഗ്യമുള്ള രണ്ട് കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തു. ഈ അമ്മയുടെ തീരുമാനം ധീരമാണെന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പ്രതികരിച്ചു. സാധാരണ ഒരു കുഞ്ഞ് പുറത്തുവന്ന് എട്ട് മുതല്‍ 12 വരെ മണിക്കൂറുകള്‍ക്കകം രണ്ടാമത്തെ കുഞ്ഞും പിറക്കും.
75 ദിവസം നീണ്ട് നിന്ന പ്രസവം എന്ന അപൂര്‍വതയും ജൊവാനയുടെ പ്രസവത്തിനുണ്ടായി. ഇത്രയും ദിവസം തലകീഴായി കിടന്നത് ജൊവാനയുടെ ശരീരിക സന്തുലനാവസ്ഥയെ തകരാറിലാക്കി. നടക്കാനും പ്രയാസം നേരിട്ടു. ഇപ്പോള്‍ ഇതെല്ലാം ശരിയായ ജൊവാന തീവ്രപരിചരണ വിഭാഗത്തിലെത്തി ദിവസവും കുഞ്ഞുങ്ങളെ കാണാറുണ്ട്. ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകാതെ ആസ്പത്രി വിടാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല