സ്വന്തം ലേഖകന്‍: വിജനമായ ചതുപ്പില്‍ വളര്‍ത്തുനായയോടൊപ്പം കുടുങ്ങിയത് 6 ദിവസം; ജീവന്‍ നിലനിര്‍ത്താന്‍ മൂത്രം കുടിച്ചു; ഓസ്‌ട്രേലിയന്‍ യുവതിയുടെ അതിജീവന കഥ. 40 കാരിയായ ബ്രൂക്ക് ഫിലിപ്പ് ഓടിച്ചിരുന്ന വാഹനം വഴിതെറ്റിയതാണ് ഓസ്‌ട്രേലിയയിലെ വിജനമായ ചതുപ്പില്‍ ഒറ്റപ്പെട്ടുപോകാന്‍ കാരണമായത്.
വാഹനത്തില്‍ ബ്രുക്കിന്റെ വളര്‍ത്തുനായയും പൂച്ചയുമുണ്ടായിരുന്നു. വിജനമായ ചതുപ്പുപ്രദേശത്ത് എത്തിപ്പെട്ട ബ്രുക്കിന്റെ മുമ്പില്‍ രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞിരുന്നു. ഒറ്റപ്പെട്ടുപോയ ആദ്യദിനം രാത്രി തന്നെ ആകെയുണ്ടായിരുന്ന അരലിറ്റര്‍ വെള്ളം തീര്‍ന്നിരുന്നു. ‘നിങ്ങള്‍ വിശ്വസിക്കുമോ ജീവന്‍ നിലനിര്‍ത്താന്‍ ഞാന്‍ എന്റെ മൂത്രം വരെ കുടിച്ചു’ ബ്രൂക്ക് പറയുന്നു.
ഇട്ടിരുന്ന ടീഷര്‍ട്ട് മുറിച്ച് വൈപ്പറില്‍ നിന്നു ഫ്‌ലൂയിഡ് ശേഖരിച്ച് പിഴിഞ്ഞു കുടിച്ച് ദാഹം അകറ്റി. ഒരിക്കലും എന്നെ രക്ഷിക്കാന്‍ ഇവിടേക്ക് ആരും വരില്ലെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. എങ്കിലും ജീവന്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ബ്രൂക്ക് കൂട്ടിച്ചേര്‍ത്തു.
ബ്രൂക്കിന്റെ പതിനാറുകാരിയായ മകള്‍ അമ്മയെ കണ്ടെത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. പെര്‍ത്തില്‍നിന്ന് 1500 കിലോമിറ്റര്‍ ദൂരത്താണ് വഴിതെറ്റി ബ്രുക്ക് എത്തിപ്പെട്ടത്. വാഹനത്തിനുള്ളില്‍ അസഹനീയമായ ചൂടായിരുന്നു. പലപ്പോഴും കാറിനുള്ളിലെ താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായിരുന്നു. ഇന്ധനം തീര്‍ന്നതിനേ തുടര്‍ന്ന് ചൂട് നിയന്ത്രിച്ചു നിര്‍ത്താന്‍ ഇവര്‍ വാഹനത്തിനു മുകളില്‍ ഒരു ടൗവ്വല്‍ ഇട്ടുമൂടുകയായിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ ഇടയ്ക്ക് അല്‍പ്പം മഴ ചാറിരുന്നു എന്ന് ബ്രൂക്ക് ഓര്‍ക്കുന്നു. എന്നാല്‍ ഈ മഴയില്‍ തന്റെ ദാഹമകറ്റാനുള്ള ജലം ലഭിച്ചില്ല എന്ന് ബ്രൂക്ക് പറയുന്നു. വാഹനത്തിലുണ്ടായിരുന്ന പാസ്ത സോസ്, തക്കാളി, നാരങ്ങാജ്യൂസ്, കോക്കനട്ട് ക്രിം എന്നിവയായിരുന്നു ഇവര്‍ ഭക്ഷണമായി കഴിച്ചിരുന്നത്. ബിസ്‌ക്കറ്റ് കഴിക്കാന്‍ ശ്രമിച്ചെങ്കിലും വെള്ളം ഇല്ലാത്തതിനാല്‍ തൊണ്ടയില്‍ നിന്ന് ഇറങ്ങിപ്പോകാത്ത അവസ്ഥയുണ്ടായിരുന്നു എന്നും ബ്രൂക്ക് പറയുന്നു.
കാറില്‍തന്നെ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയതിനാല്‍ ഇവരെ രക്ഷപെടുത്താന്‍ സാധിക്കുകയായിരുന്നു എന്ന് റെസ്‌ക്യൂ ടീമിലുള്ളവര്‍ പറയുന്നു. 16കാരിയായ മകള്‍ തന്നെ കണ്ടെത്തിയ നിമിഷം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയിരുന്നു എന്ന് നിറകണ്ണുകളോടെ ഈ അമ്മ ഓര്‍ത്തു. തന്റെ പ്രിയപ്പെട്ട നായയും പൂച്ചയും തനിക്കൊപ്പം രക്ഷപെട്ട സന്തോഷത്തിലാണ് ബ്രുക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല