
സ്വന്തം ലേഖകൻ: വിമാനയാത്രക്കിടയില്‍ കോവിഡ് സ്ഥിരീകരിച്ച യുവതി വിമാനത്തിലെ ശൗചാലയത്തില്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞത് മൂന്ന് മണിക്കൂര്‍. ചിക്കാഗോയില്‍ നിന്ന് ഐസ്ലാന്‍ഡിലേക്ക് ഐസ്ലാന്‍ഡ് എയര്‍ വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന മാരിസ ഫോറ്റിയോ എന്ന അധ്യാപിയ്ക്കാണ് ഈ അനുഭവമുണ്ടായത്. വിമാനത്തിനുളളില്‍ യാത്രക്കിടെ സ്വയം നടത്തിയ കോവിഡ് പരിശോധന പോസിറ്റീവ് ആയതോടെയാണ് യുവതി ഈ മുന്‍കരുതല്‍ സീകരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് ഡോസ് വാക്‌സിനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ച മാരിസ ഫോറ്റിയോ വിമാനയാത്രക്ക് മുമ്പ് രണ്ട് തവണ പിസിആര്‍ പരിശോധനയും അഞ്ച് തവണ റാപ്പിഡ് പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ എല്ലാ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നുവെന്ന് മാരിസ പറഞ്ഞു. വിമാനയാത്ര തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിട്ടതോടെ ആരോഗ്യപ്രശനമുണ്ടെന്ന് തനിക്ക് തന്നെ തോന്നിയതായി ഫോറ്റിയോ മാധ്യമങ്ങളോട് പറഞ്ഞു. യാത്രയ്ക്കിടെ തനിക്ക് തൊണ്ടവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതായും ഇവര്‍ പറയുന്നു.
ഇതോടെ കൈയിലുണ്ടായിരുന്ന കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് സ്വയം പരിശോധന നടത്താന്‍ അവര്‍ തീരുമാനിച്ചു. തുടര്‍ന്ന് വിമാനത്തിന്റെ ശുചിമുറിയില്‍ പോയി അവര്‍ പരിശോധന നടത്തി. പരിശോധനാഫലം വരുമ്പോള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലായിരുന്നു വിമാനം. തുടര്‍ന്ന്, അവര്‍ ഇക്കാര്യം വിമാന ജീവനക്കാരെ അറിയിച്ചു. ശുചിമുറിയുടെ വാതിലില്‍ അത് പ്രവര്‍ത്തിക്കുന്നില്ലെ എന്ന സ്റ്റിക്കര്‍ പതിച്ചശേഷം ഫോറ്റിയോയെ യാത്ര തുടരാന്‍ ജിവനക്കാര്‍ അനുവദിക്കുകയായിരുന്നു.
‘എന്നോടൊപ്പം അത്താഴം കഴിച്ച എന്റെ കുടുംബത്തെ ഓര്‍ത്ത് ഞാന്‍ പരിഭ്രാന്തയായി. വിമാനത്തിലെ മറ്റ് ആളുകളേ ഒര്‍ത്തും എന്നെക്കുറിച്ച് തന്നെ ഓര്‍ത്തും ഞാന്‍ ആശങ്കപ്പെട്ടു. വിമാനജീവനക്കാര്‍ എന്നെ ശാന്തയാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതാരു വല്ലാത്ത അനുഭവമായിരുന്നു. 150 യാത്രക്കാര്‍ ഉണ്ടായിരുന്നു വിമാനത്തില്‍. അവര്‍ക്ക് രോഗം പിടിക്കുമോ എന്നായിരുന്നു എന്റെ ഭയം.’- മാരിസ ഫോറ്റിയോ മാധ്യമങ്ങളോട് പറഞ്ഞു.
ഐസ്ലൻഡില് വിമാനം ഇറങ്ങിയപ്പോള്‍ അവസാനമായാണ് മാരിസയും കുടുംബവും വിമാനത്തില്‍ നിന്ന് ഇറങ്ങിയത്. അവരുടെ സഹോദരനും പിതാവിനും രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് യാത്ര ചെയ്യാന്‍ അനുവദിച്ചു. തുടര്‍ന്ന് മാരിസക്ക് റാപ്പിഡ് പരിശോധനയും പിസിആര്‍ പരിശോധനയും നടത്തി. രണ്ടിന്റേയും ഫലം പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് അവരെ ഒരു ഹോട്ടലിലേക്ക് ക്വാറന്റീനിലേക്ക് മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല