സ്വന്തം ലേഖകന്‍: കാമുകി കാമുകനെ വെടിവയ്ക്കുന്ന ദൃശ്യം പകര്‍ത്തി യുടൂബില്‍ വൈറലാകാന്‍ മോഹിച്ചു, കാമുകന്‍ ശരിക്കും വെടിയേറ്റ് മരിച്ചു, കാമുകി അഴികള്‍ക്കുള്ളിലും. യുഎസിലെ മിനസോട്ടയിലായിരുന്നു സംഭവം. സാഹസിക ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന മോണോലിസ പെരസ് (20), പെഡ്രോ റൂയിസ് (22) എന്നിവരുടെ ജീവിതത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്. കേസില്‍ മോണാലിസ പെരസ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. വരുന്ന ഫെബ്രുവരിയില്‍ ശിക്ഷ വിധിക്കും.
സംഭവം നടക്കുമ്പോള്‍ റൂയിസിന്റെ രണ്ടാമത്തെ കുട്ടിയെ മോണോലിസ ഗര്‍ഭംധരിച്ചിരിക്കുകയായിരുന്നു. ഇരുവരുടേയും മൂത്തകുട്ടിയായ മൂന്നുവയസുകാരന്‍ നോക്കിനില്‍ക്കെയാണ് ദുരന്തം സംഭവിച്ചത്. സാഹസിക ദൃശ്യങ്ങള്‍ പകര്‍ത്തി യുടൂബ് ചാനലില്‍ പോസ്റ്റ് ചെയ്യുന്നതായിരുന്നു റൂയിസിന്റെ വിനോദം. മരത്തിനു മുകളില്‍നിന്നും താഴേയ്ക്കു ചാടുക, വീടിനു മുകളില്‍നിന്നും നീന്തല്‍ക്കുളത്തിലേക്ക് ചാടുക തുടങ്ങി നിരവധി സാഹസിക ദൃശ്യങ്ങളാണ് റൂയിസ് ചിത്രീകരിച്ചത്.
ഞെട്ടക്കുന്നൊരു ദൃശ്യമാണ് അടുത്തതായി നല്‍കുന്നതെന്ന് റൂയിസ് ട്വിറ്ററില്‍ അറിയതിച്ചതിനു ശേഷമാണ് വെടിവയ്പിനൊരുങ്ങിയത്. കട്ടിയുള്ള പുസ്തകം നെഞ്ചില്‍ ഒളിപ്പിച്ചാണ് റൂയിസ് വെടിയേല്‍ക്കാന്‍ നിന്നുകൊടുത്തത്. റൂയിസ് പറഞ്ഞതിന്‍പ്രകാരം മോണോലിസ വെടിവച്ചു. എന്നാല്‍ ഇവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വെടിയുണ്ട പുസ്തകം തുളച്ച് റൂയിസിന്റെ നെഞ്ചില്‍ തറച്ചുകയറി. റൂയിസ് സംഭവസ്ഥലത്തു തന്നെ മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല