സ്വന്തം ലേഖകന്‍: കണ്ണില്‍ നോക്കി മനസ്സു വായിക്കാനുള്ള കഴിവു കൂടുതല്‍ സ്ത്രീകള്‍ക്കാണെന്ന് കണ്ടുപിടിത്തവുമായി കേംബ്രിഡ്ജിലെ മലയാളി ഗവേഷകനും സംഘവും. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയും മലയാളിയുമായ വരുണ്‍ വാര്യരുടെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ചെന്നൈ നിവാസിയായ മലയാളി പരിസ്ഥിതി പത്രപ്രവര്‍ത്തകന്‍ എസ്. ഗോപാലകൃഷ്ണ വാര്യരുടെയും രാജേശ്വരി വാര്യരുടെയും മകനാണ് വരുണ്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 89,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ ഗവേഷണത്തിലൂടെയാണ് വരുണും സംഘവും ഈ നിഗമനത്തിലെത്തിയത്. കണ്ണില്‍ നോക്കി മനസ്സു വായിക്കാനുള്ള കഴിവ് ഡിഎന്‍എയുമായി ബന്ധപ്പെട്ടതാണെന്ന കണ്ടെത്തലിനൊപ്പമാണ് സ്ത്രീകള്‍ ഇക്കാര്യത്തില്‍ പുരുഷന്മാരെ കടത്തിവെട്ടുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
‘കണ്ണില്‍ നോക്കി മനസ്സ് വായിക്കുന്ന പരീക്ഷണം’ 20 വര്‍ഷം മുന്‍പാണ് കേംബ്രിഡ്ജ് സര്‍വകലാശാല വികസിപ്പിച്ചെടുത്തത്. ’23 ആന്‍്ഡ് മി’ എന്ന ജനറ്റിക് കമ്പനിയുടെ സഹായത്തോടെ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, നെതര്‍ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി ആയിരക്കണക്കിന് ആളുകളിലാണ് സംഘം ഈ പരീക്ഷണം നടത്തിയത്.
സ്ത്രീകളിലെ ക്രോമസോം 3 യിലെ ചില ജനിതക വ്യതിയാനങ്ങളാണ് കണ്ണില്‍ നോക്കി മനസ്സു വായിക്കാനുള്ള സ്ത്രീകളുടെ അധികശേഷിക്കു പിന്നിലെന്നും ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ പുരുഷന്‍മാരില്‍ ക്രോമസോം 3 യുടെ സ്വാധീനം ഗവേഷകര്‍ക്ക് ദര്‍ശിക്കാനായില്ല. ഐ ടെസ്റ്റിന് വിധേയരായ സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ മികച്ച സ്‌കോര്‍ ലഭിച്ചത്. ഐസ് ടെസ്റ്റിലെ പ്രകടനത്തില്‍ ജീനുകളുടെ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു പഠനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല