ബ്രിട്ടനിൽ ദി സൺ പത്രം അർദ്ധനഗ്ന സുന്ദരിമാരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കില്ലെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ബ്രസീലിൽ മാറുമറക്കാതെ പ്രതിഷേധം. റിയോ ഡി ജനിറോയിലെ ഇപനാമ ബീച്ചിലാണ് ഒരു സംഘം വനിതകൾ മാറിടം പ്രദർശിപ്പിച്ച് പ്രതിഷേധിച്ചത്. ബീച്ചിൽ അരക്കുമുകളിൽ നഗ്നത പ്രദർശിപ്പിക്കുന്ന വേഷം ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഏഴുവനിതകൾ നഗ്ന പ്രതിഷേധത്തിന് തയാറായി രംഗത്തെത്തി. റിയോ ഡി ജനിറോയിൽ പ്രാദേശിക അവധി ദിവസമായിരുന്നതിനാൽ സമരത്തിന് ഒട്ടനവധി കാഴ്ചക്കാരുമുണ്ടായി.
പത്രപ്രവർത്തക അന്ന പൗള നൊഗ്വീര 2013 ൽ ഫേസ്ബുക്കിലൂടെ തുടങ്ങിയതാണ് റിയോയിലെ ബീച്ചുകളിൽ നഗ്നരാകാനുള്ള അവകാശ സമരം. എത്രപേർ പങ്കെടുത്തു എന്നതിനേക്കാൾ വിഷയം ചർച്ചയാകുന്നു എന്നതാണ് പ്രധാനമെന്ന് അന്ന പ്രതികരിച്ചു.
ബ്രസീലിൽ അരക്കു മുകളിലേക്ക് നഗ്നത പ്രദർശിപ്പിക്കുന്നതിൽനിന്ന് സ്ത്രീകളെ നിയമപരമായി വിലക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നത് മൂന്നു മാസം മുതൽ ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. എന്നാൽ ഈ വിലക്ക് പുരുഷന്മാർക്ക് ബാധകമല്ലെന്നും അതിനാൽ വിവേചനമാണെന്നും സ്ത്രീകൾക്ക് അപമാനകരമായ നിയമം എടുത്തുകളയണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല