ഏകാധിപത്യത്തില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യെമനിലെ ജനത നടത്തുന്ന പ്രക്ഷോഭം രൂക്ഷമാകുന്നു. പ്രസിഡന്റ് അലി അബ്ദുള്ള സലെയുടെ ഏകാധിപത്യത്തില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് നൂറോളം മുസ്ലീം സ്ത്രീകള്‍ തങ്ങളുടെ ശിരോവസ്ത്രങ്ങളും മുഖാവരണങ്ങളും പരസ്യമായി കത്തിച്ചു.
സാധാരണ മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന ശിരോവസ്ത്രത്തിന് പുറേ മക്രാമ എന്നുപറയുന്ന ഒരുപ്രത്യേക മുഖാവരണംകൂടിയണിഞ്ഞാണ് യമനിലെ മുസ്ലീം സ്ത്രീകള്‍ പുറത്തിറങ്ങുന്നത്. കണ്ണൊഴികെ ബാക്കി എല്ലാ ഭാഗങ്ങളും മൂടുന്ന ഈ വസ്ത്രമാണ് സ്ത്രീകള്‍ കൂട്ടത്തോടെ പെട്രോളൊഴിച്ച് കത്തിച്ചത്.
പ്രസിഡന്റിന്റെ ഏകാധിപത്യത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടാണ് സ്ത്രീകള്‍ വസ്ത്രം കത്തിച്ചത്. സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ സൈന്യം അടിച്ചമര്‍ത്തുന്നതിന് ഇടയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം പേര്‍ കൊലപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കെതിരെ സാലെയുടെ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചതോടെയാണ് സ്ത്രീകള്‍ കടുത്ത പ്രതിഷേധത്തിനിറങ്ങിയത്.
സദ്ദാം ഹുസൈനിന്റെയും കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെയും പാതയിലാണ് അലി അബ്ദുള്ള സലെ എന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. അധികാരക്കൈമാറ്റത്തിന് തയ്യാറാണെന്ന് ഈയടുത്ത ദിവസം അലി അബ്ദുള്ള അറിയിച്ചിരുന്നു. എന്നാല്‍ ഭരണം കൈമാറിയതിന് ശേഷം തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാടില്ല എന്നാണ് ഇദ്ദേഹം മുന്നോട്ടുവച്ച ഉപാധി. പ്രതിഷേധക്കാരും പ്രതിപക്ഷവും ഈ നിബന്ധന അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അധികാരക്കൈമാറ്റം നീളുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല