1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2011

ജസ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ കമ്മീഷന്‍ തയാറാക്കിയ വനിതാ കോഡ് ബില്ലിന്റെ കരടു റിപ്പോര്‍ട്ട് തയാറാക്കിയതു കമ്മീഷനിലെ പല അംഗങ്ങളുടെയും വിയോജിപ്പ് പരിഗണിക്കാതെയാണെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നു കെസിബിസി ഫാമിലി കമ്മീഷന്‍. കമ്മീഷനിലെ ഏതാനും പേരുടെ താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ബില്ലിനെക്കുറിച്ചു ചെയര്‍മാന്‍ വി.ആര്‍. കൃഷ്ണയ്യര്‍ മറുപടി പറയാന്‍ തയാറാവണം.

ഗര്‍ഭച്ഛിദ്രം, രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ മാതാപിതാക്കളെ കഠിനമായി ശിക്ഷിക്കല്‍, ഗര്‍ഭനിരോധനമാര്‍ഗങ്ങളുടെ ആക്രമണോത്സുകതയോടുകൂടിയ പ്രോത്സാഹിപ്പിക്കല്‍ എന്നിവ മനുഷ്യമഹത്വത്തിനും നമ്മുടെ നാടിന്റെ നന്മയ്ക്കും ചേരുന്നതല്ല.

2009-ല്‍ തയാറാക്കിയ ജനസംഖ്യാസൂത്രണ ബില്‍ വനിതാ കോഡിനോടു കൂട്ടിച്ചേര്‍ക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ജനസംഖ്യാസൂത്രണ ബില്ലിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കെസിബിസി ഫാമിലി കമ്മീഷന്‍ ജസ്റീസ് കൃഷ്ണയ്യര്‍ക്കു നിവേദനവും നിര്‍ദേശങ്ങളും നല്കിയിരുന്നു. അതു പഠനത്തിനും വിചിന്തനത്തിനും വിധേയമാക്കിയിരുന്നെങ്കില്‍ ഇത്രയും കിരാതമായ രീതിയില്‍ വനിതാ കോഡ് തയാറാക്കുമായിരുന്നില്ല.

ഇന്ത്യന്‍ ജനാധിപത്യ തത്ത്വങ്ങളെയും ധാര്‍മികനിലപാടുകളെയും മനുഷ്യമഹത്വത്തെയും ജീവന്റെ മൂല്യത്തെയും കാറ്റില്‍പ്പറത്തുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തുന്ന കൃഷ്ണയ്യര്‍ കമ്മീഷനെ എത്രയുംവേഗം പിരിച്ചുവിടണമെന്നും കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കോട്ടയില്‍ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.