സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ സ്ത്രീകള്‍ ഡ്രൈവിംഗ് തുടങ്ങിയതോടെ പ്രവാസി ഹൗസ് ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെടല്‍ ഭീഷണിയില്‍. രാജ്യത്ത് ഹൗസ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ മുപ്പതിനായിരത്തിലേറെ വിദേശി ഹൗസ് ഡ്രൈവര്‍മാരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയും വ്യക്തമാക്കി. സ്വദേശിവത്കരണം ശക്തമായതോടെ ഓരോ ദിവസവും സൗദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ ശരാശരി എണ്ണം 2602 ആണെന്നാണ് കണക്ക്.
രാജ്യത്ത് 1.36 ലക്ഷം ഹൗസ് ഡ്രൈവര്‍മാരാണ് ഉള്ളത്. ഈ വര്‍ഷം മാര്‍ച്ച് വരെയുളള കണക്കുകള്‍ പ്രകാരം മാസം 7,500 ഹൗസ് ഡ്രൈവര്‍മാര്‍ ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്നുണ്ടെന്ന് ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി വ്യക്തമാക്കി.ഇന്ത്യ, ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹൗസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്. രണ്ടാഴ്ച മുമ്പ് സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ ഹൗസ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് 25 ശതമാനം കുറഞ്ഞു. അടുത്ത വര്‍ഷം ഇത് 50 ശതമാനത്തിന് മുകളിലാകാനാണ് സാധ്യതയെന്ന് റിക്രൂട്ട്‌മെന്റ് മേഖലയിലുള്ളവര്‍ പറയുന്നു. സൗദിയില്‍ മൂന്ന് ലക്ഷത്തിലേറെ ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
വനിതകള്‍ വാഹനം ഓടിക്കാന്‍ തുടങ്ങിയത് സ്വദേശി കുടുംബങ്ങളുടെ ചെലവ് കുറയ്ക്കാനും വിദേശത്തേക്ക് ഒഴുകുന്ന പണത്തില്‍ കുറവു വരുത്താനും സഹായിക്കുമെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ഡോ. സാമി അല്‍ അബ്ദുല്‍ കരിം പറഞ്ഞു. അതേസമയം സ്വദേശിവത്കരണം വ്യാപകമായി നടപ്പിലാക്കുമ്പോഴും സൗദിയില്‍ മാസം ശരശാശരി 35,000 വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം 1.06 ലക്ഷം തൊഴില്‍ വിസകളാണ് തൊഴില്‍ മന്ത്രാലയം അനുവദിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല