നേഴ്സുമാര്‍ എന്നാല്‍ ചൂഷണം ചെയ്യപ്പെടേണ്ട വര്‍ഗം ആണെന്ന് ലോകം മുഴുവന്‍ തീരുമാനിച്ചു ഉറപ്പിച്ച നിലയില്‍ ആണ് ഓരോ ദിവസവും പുതിയ കഥകള്‍ കേള്‍ക്കുന്നത്. ചതിക്കുഴികളും വാരിക്കുഴികളും ഒരുക്കി ഈ സമൂഹം മുഴുവന്‍ നെഴ്സുമാരെന്ന ഇരകളെ കാത്തിരിക്കുന്നത്, പെട്ടെന്ന് ചതിക്കപ്പെടുന്നവര്‍ ആണ് സ്ത്രീകള്‍ എന്നൊരു വിശ്വാസം നമ്മുടെ സമൂഹം വെച്ച് പുലര്‍ത്തുന്നുണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെയാകും ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന നേഴ്സിംഗ് മേഖല ഇത്രയേറെ ചൂഷണം ചെയ്യപ്പെട്ടത്.
സ്ത്രീകള്‍ ഇന്ന് എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തൊഴിലിന്റെ കാര്യത്തില്‍ പോലും പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും മിക്ക ജോലിയും ഇന്ന് ചെയ്യുന്നു. എങ്കിലും പണ്ട് മുതലേ നേഴ്സിംഗ് മേഖല സ്ത്രീകളുടെത് തന്നെയാണ്. ഇന്നും ഏറെക്കുറെ അങ്ങനെയൊക്കെ തന്നെ. പരിചരിക്കാനും ശ്രുശ്രൂഷിക്കാനും പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്ത്രീകള്‍ ആണെന്ന് നമുക്കെല്ലാം അറിയുകയും ചെയ്യാം. അതേസമയം സ്ത്രീകള്‍ ചപലകള്‍ ആണെന്നുള്ള തെറ്റായ ധാരണകള്‍ വച്ച് പുലര്‍ത്തുന്ന ഒരുപറ്റം ആശുപത്രികള്‍ കാലാകാലങ്ങളായി ഈ നേഴ്സുമാരെ ചൂഷണം ചെയ്തു വന്നു.
എന്നാല്‍ ഇപ്പോള്‍ അവരും പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതും അതിശക്തമായ രീതിയില്‍ തന്നെ. ഇത്തരത്തില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടേണ്ട വര്‍ഗമല്ലെന്നും അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടെന്നും തങ്ങളുടെ പ്രവര്‍ത്തിയിലൂടെ നമുക്ക് കാണിച്ചു തന്ന ഒരുപറ്റം നേഴ്സുമാരെ ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം വ്യാപിച്ചു കൊണ്ടിരിക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍ നമുക്ക് കണ്ടെത്താനാകുന്നതാണ്. ഇത്തരത്തില്‍ ഒരു ധീര വനിതയാണ് മുബൈയിലെ ലയണ്‍ ഹേര്‍ട്ട് നേഴ്സുമാരുടെ സെക്രട്ടറി സഞ്ജന ജോസഫ്.
പുരുഷന്മാര്‍ പോലും പ്രതികരണ ശേഷിയില്ലാതെ മൌനരാകുന്ന കാലത്ത് ഇത്തരത്തില്‍ ചില സ്ത്രീകള്‍ നല്‍കുന്ന കരുത്ത് നെഴ്സുമാര്‍ക്ക് കുറച്ചൊന്നുമല്ല ആത്മവിശ്വാസം നല്‍കുന്നത് എന്നുറപ്പ്. വന്‍ തുക നല്‍കി പഠിച്ചിറങ്ങി ഏതെങ്കിലും ഒരു ആശുപത്രിയില്‍ തൊഴില്‍ ജീവിതം ആരംഭിക്കുന്ന നേഴ്സുമാര്‍ക്ക് വളരെ തുശ്ചമായ ശമ്പളം നല്‍കിയും അവരെക്കൊണ്ട് അമിത ജോലി ചെയ്യിപ്പിച്ചും സ്ത്രീകള്‍ എന്ന ഒറ്റ കാരണത്താല്‍ അവരെ തരം താഴ്ത്തുന്ന പ്രവണത ഇതോടു കൂടി അവാസാനിക്കും എന്ന ഉറച്ച ആത്മ വിശ്വാസത്തിലാണ് ഇപ്പോള്‍ നേഴ്സിംഗ് സഹോദരിമാര്‍.
സഞ്ജന ജോസഫിന്റെ കാര്യം തന്നെയെടുത്താല്‍ അവര്‍ തനിക്കും തന്റെ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സഹോദരിമാര്‍ക്കും വേണ്ടി തന്റേടത്തോടെ ഇറങ്ങി തിരിച്ചത് നാം കാണേണ്ട കാര്യം തന്നെയാണ്. അതിനവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുകയും ചെയ്യുന്നുണ്ട് കാരണം നമ്മുടെ സമൂഹം എന്നും വിലക്കുകളിലും ആണിന്റെ മറവിലും തളച്ചിടുകയായിരുന്നു സ്ത്രീകളെ. മുംബൈയിലെ മലയാളി നേഴ്സായ സഞ്ജന ജോസഫിനെ പോലെ കേരളത്തിലും അനേകം ധീര വനിതകളെ നേഴ്സിംഗ് സമരത്തില്‍ നമുക്ക് കാണാം. ഈയൊരു അവസരത്തില്‍ നമ്മള്‍ അവരെ പിന്തുണയ്ക്കേണ്ടത് അവരുടെ മാത്രമല്ല നമ്മുടെ കൂടി ആവശ്യകതയാണ്.
മുബൈയിലെ നേഴ്സുമാരെ പോലീസ് തെരുവില്‍ തല്ലി ചതച്ചു, ചൂഷണം സഹിക്ക വയ്യാതെ മുംബൈയിലെ മലയാളി നഴ്‌സായ ബീന ബേബിയേ പോലെ ചിലര്‍ ചിലര്‍ ജീവിതത്തില്‍ നിന്നും ഒളിച്ചോടി. ഇതൊക്കെ നടന്നത് തങ്ങളുടെ കണ്‍മുന്നില്‍ ആയിഒരുന്നിട്ടും സഞ്ജന ജോസഫിനെ പോലുള്ള വനിതാ നേഴ്സുമാര്‍ തകര്‍ന്നില്ല, തളര്‍ന്നില്ല, അവര്‍ പ്രതിഷേധിച്ചു അതിശക്തമായി തന്നെ. അതില്‍ പലതും വിജയം കണ്ടു. ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന് നേഴ്സുമാര്‍ വീണ്ടും തെളിയിക്കുന്നു. നേഴ്സിംഗ് മേഖലയില്‍ ഒരു നവ ലോകം നമുക്കും പ്രതീക്ഷിക്കാം ഇവരിലൂടെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല