സ്വന്തം ലേഖകന്‍: ഒരു നേരത്തെ ഭക്ഷണം, കമ്പിളി, ബ്രിട്ടനിലേക്കുള്ള ടിക്കറ്റ്, ഫ്രാന്‍സിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ സ്ത്രീകളെ വലയിലാക്കാന്‍ മനുഷ്യക്കടത്തുകാര്‍. ഒരു നേരത്തെ ഭക്ഷണമോ തണുപ്പുമാറ്റാന്‍ കമ്പിളിയോ ബ്രിട്ടനിലേക്ക് കടത്താമെന്നുള്ള വാഗ്ദാനമോ ചൂണ്ടകളാക്കി മനുഷ്യക്കടത്തുകാര്‍ ഫ്രാന്‍സിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ സ്ത്രീകളെ വേട്ടയാടുന്നതായി റിപ്പോര്‍ട്ട്.
ഇങ്ങനെ കെണിയില്‍ വീഴുന്ന അഭയാര്‍ഥികളെ ബലാത്സംഗത്തിനും മറ്റു ചൂഷണങ്ങള്‍ക്കും ഇരയാക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. പാരിസിലെ ദുന്‍കിര്‍ക് അഭയാര്‍ഥി ക്യാമ്പില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്ന് മനുഷ്യക്കടത്തുകാരുടെ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളും കുട്ടികളും വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് അടച്ചുപൂട്ടിയതിനു ശേഷമാണ് ഇത്തരം സംഭവങ്ങള്‍ വ്യാപകമായത്. ക്യാമ്പ് അടച്ചതിനുശേഷം 350 ഓളം കുട്ടികളെ ബ്രിട്ടന്‍ ഏറ്റെടുക്കുമെന്ന് ധാരണയായിരുന്നു. ഇവിടെ 2000 ത്തോളം അഭയാര്‍ഥികളുണ്ടെന്നാണ് കണക്ക്. അതില്‍ 100 ഓളം പേര്‍ യുദ്ധത്തില്‍ അനാഥരായ കുട്ടികളാണ്. ഇവരെ മനുഷ്യക്കടത്തുകാരുടെ പിടിയില്‍നിന്ന് തടയാനുള്ള നടപടികള്‍ ഫലപ്രദമാവുന്നില്ലെന്ന് ദുന്‍കിര്‍ക്കിലെ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കലായിസിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കല്‍ വന്‍ വിവാദമായ സംഭവമായിരുന്നു. ജംഗിള്‍ ക്യാമ്പ് എന്നറിയപ്പെടുന്ന ഇവിടെനിന്ന് 2,318 അഭയാര്‍ഥികളെ ഒഴിപ്പിച്ചതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഏഴായിരത്തോളം വരുന്ന അഭയാര്‍ഥികളെ ബലം പ്രയോഗിച്ച് പുറത്താക്കിയാണ് ക്യാമ്പ് പൊളിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇവിടെ നിന്നും ഒഴിപ്പിക്കുന്ന അഭയാര്‍ഥികളെ ദുന്‍കിര്‍ക് അടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്യാമ്പുകളിലേക്കാണ് മാറ്റിയത്. അഭയാര്‍ഥികള്‍ സമാധാനപരമായി ഒഴിപ്പിക്കലിന് സന്നദ്ധമായിരുന്നെങ്കിലും ചില അനിഷ്ട സംഭവങ്ങളും ഒഴിപ്പിക്കലിനിടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. പശ്ചിമേഷ്യയില്‍നിന്നും മറ്റും ഫ്രാന്‍സിലെത്തുന്ന അഭയാര്‍ഥികള്‍ ബ്രിട്ടനിലേക്കു കടക്കുന്നതിന് അവസരം പാര്‍ത്താണ് കലായിസില്‍ തമ്പടിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല