ലണ്ടന്‍: 35,000പൗണ്ടിന് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് ഏഴ് വര്‍ഷം തടവ്. ഇപ്പോള്‍ ബ്രിട്ടനില്‍ കഴിയുന്ന ഇന്ത്യന്‍ യുവതിയാണ് 11 മാസം പ്രായമുള്ള തന്റെ പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഈ ഇടപാടിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച പാക്കിസ്ഥാന്‍ സ്വദേശിയായ ബിസിനസുകാരന് 9 വര്‍ഷത്തെ തടവും കോടതി വിധിച്ചിട്ടുണ്ട്.
പേരുവെളിപ്പെടുത്താത്ത ഈ ഇന്ത്യന്‍ യുവതി തന്റെ മകളെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുവതി വിവാഹിതയാണെങ്കിലും ഈ പെണ്‍കുട്ടി അവരുടെ ഭര്‍ത്താവിന്റെ കുഞ്ഞായിരുന്നില്ല. പാക്കിസ്ഥാനി ബിസിനസുകാരനാണ് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തത്. ഇതിനുവേണ്ടി കുഞ്ഞിന്റെ പേര് മാറ്റി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വരെ ഇയാള്‍ തയ്യാറാക്കി നല്‍കി.
ഈ ഇടപാടിനെക്കുറിച്ച് വിവരം ലഭിച്ച ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ടറാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. ഇതനുസരിച്ച് പോലീസും റിപ്പോര്‍ട്ടറും മറ്റും ചിലരും ചേര്‍ന്ന് നടത്തിയ നാടത്തിനൊടുവില്‍ യുവതിയെയും ഇടനിലക്കാരനെയും പിടികൂടുകയായിരുന്നു. കുഞ്ഞിനെ കൈമാറാന്‍ തീരുമാനിച്ച ഹോട്ടലിലെത്തി ഇവരെ കൈയ്യോടെ പിടികൂടുകയായിരുന്നു.
ഒരു കുട്ടിയെ വില്‍പ്പനക്കാനുണ്ടെന്ന് ബിസിനസുകാരന്‍ സഹപ്രവര്‍ത്തകനായ ആസാദ് അലിയോട് പറഞ്ഞതാണ് ഈ ക്രൂരത പുറത്തുവരാന്‍ കാരണം. ആസാദ് ഇക്കാര്യം ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ റിപ്പോര്‍ട്ടറായ സ്റ്റീഫന്‍ മോയിസിനെ അറിയിക്കുകയായിരുന്നു. ഇവര്‍ വ്യാജ ദമ്പതികളെ ഏര്‍പ്പാടാക്കി യുവതിയെയും ഇടനിലക്കാരനെയും കുടുക്കുകയായിരുന്നു. റിപ്പോര്‍ട്ടര്‍ പറഞ്ഞതനുസരിച്ച് ഹോട്ടല്‍ മുറിയില്‍ ഒളിച്ചുനിന്ന പോലീസ് കുട്ടിയെ കൈമാറി പണം സ്വീകരിക്കുന്ന സമയത്ത് മുറിയിലെത്തി ഇവരെ പിടികൂടുകയായിരുന്നു.
ഈ ദമ്പതികളും, ബിസിനസുകാരനും,ആസാദും, യുവതിയും തമ്മില്‍ പല തവണ കൂടിക്കാഴ്ച നടത്തുകയും ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.
31 കാരനായ ഈ യുവതിയുടെ ഭര്‍ത്താവിന് ഈ ഗൂഢാലോചനയില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയാളെ വെറുതെവിട്ടു. ധനത്തിനുവേണ്ടി നിയമവിരുദ്ധമായി ദത്തുനല്‍കി കുട്ടിയോട് ക്രൂരത കാട്ടി എന്ന കുറ്റമാണ് യുവതിക്കും ഇടനിലക്കാരനും എതിരെയുണ്ടായിരുന്നത്. ആര്‍ക്കും മറ്റൊരാളുടെ ഉടമസ്ഥാവകാശം നല്‍കാന്‍ കഴിയില്ലെന്ന് വിചാരണയ്ക്കിടെ പ്രോസിക്യൂട്ടര്‍ ക്രിസ്റ്റഫര്‍ ഫോള്‍ക്ക്‌സ് കോടതിയെ അറിയിച്ചു. ഈ പ്രതികള്‍ കുട്ടിയെ അടിമയായി വയ്ക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല