കുട്ടികള്‍ രണ്ടു മതിയെന്നും അനുസരിക്കാത്ത ദമ്പതികള്‍ക്കു സര്‍ക്കാര്‍ ധനസഹായം അനുവദിക്കരുതെന്നും ശിക്ഷ നല്‍കണമെന്നുമുള്ള കേരള വനിതാ കോഡ് ബില്‍ ശുപാര്‍ശ നടപ്പാവില്ലെന്ന് ഉറപ്പായി. ജനന നിയന്ത്രണം ശുപാര്‍ശ ചെയ്യുന്ന ബില്ലിലെ ഒന്നാം അധ്യായത്തിലെ ഏതു ഭാഗവും എടുത്തുകളയാന്‍ ബില്ലില്‍ തന്നെ വ്യവസ്ഥയുള്ളതിനാല്‍ വിവാദ നിര്‍ദേശം ചീറ്റിയ പടക്കമാവും.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായി രൂപീകരിച്ച കമ്മിഷന്‍ യുഡിഎഫ് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടാണു വിവാദമായത്. വനിതാ കോഡ് ബില്ലില്‍ ജനസംഖ്യാ ആസൂത്രണത്തെക്കുറിച്ചു വിശദീകരിക്കുന്ന ആദ്യ അധ്യായത്തിലാണു കുട്ടികള്‍ രണ്ടു മതിയെന്ന ശുപാര്‍ശ. എന്നാല്‍, ഇതേ അധ്യായത്തിലെ എട്ടാം ഖണ്ഡിക ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം സര്‍ക്കാരിനും സര്‍ക്കാര്‍ നിശ്ചയിക്കുന്ന മറ്റൊരു കമ്മിഷനും വിട്ടുകൊടുക്കുന്നു. കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നിയമസഭയും സര്‍ക്കാരും അംഗീകരിച്ചാല്‍ മാത്രമേ നടപ്പാക്കാനാകൂ എന്നു ബില്ലില്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
മതേതരബോധവും വികസനോന്മുഖ ചിന്തകളുമുള്ള സാമൂഹിക പ്രവര്‍ത്തകനായിരിക്കണം കമ്മിഷന്റെ അധ്യക്ഷനെന്നു വ്യവസ്ഥയുണ്ട്. രാഷ്ട്രീയകക്ഷികളുടെയും മതസംഘടനകളുടെയും ഭാരവാഹികളെ അംഗങ്ങളാക്കരുത്. ജനസംഖ്യാ നിയന്ത്രണ നയത്തെക്കുറിച്ചു വിശദമായ കൂടിയാലോചനകള്‍ നടത്തി സര്‍ക്കാരിന് അന്തിമ ശുപാര്‍ശ നല്‍കാനുള്ള ഉത്തരവാദിത്തം ഇൌ കമ്മിഷനാണ്. ജനസംഖ്യാ ആസൂത്രണം, കുടുംബക്ഷേമം, ജനന നിയന്ത്രണം തുടങ്ങിയവയുടെ ധാര്‍മികവും സാമ്പത്തികവുമായ നേട്ടങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യണം.
ഒന്നാം അധ്യായത്തിലെ ശുപാര്‍ശകളില്‍ ക്രിയാത്മക മാറ്റങ്ങള്‍ നിര്‍ദേശിക്കേണ്ടതും പുതിയ കമ്മിഷനാണ്. ദോഷകരമായ വകുപ്പുകള്‍ നീക്കം ചെയ്യാനും അധികാരമുണ്ട്. കുട്ടികള്‍ രണ്ടു മതിയെന്ന വനിതാ കോഡ് ബില്‍ നിര്‍ദേശത്തിനെതിരെ പൊതുസമൂഹത്തില്‍ നിന്നു വ്യാപകമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ബില്ലിലെ ഇൌ വകുപ്പുപയോഗിച്ചു തന്നെ പുതിയ കമ്മിഷന് അവ എടുത്തുകളയാനാകും.
ജനസംഖ്യാ നിയന്ത്രണ നയത്തിനായി വിപുലമായ ആശയ സംവാദങ്ങള്‍ക്കു നിര്‍ദിഷ്ട കമ്മിഷന്‍ നേതൃത്വം നല്‍കണം. നയത്തിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കേണ്ടതും തെറ്റിദ്ധാരണകള്‍ നീക്കേണ്ടതും നയത്തെ രാഷ്ട്രീയമായും മതവിരുദ്ധമായും വര്‍ഗീയമായും വ്യാഖ്യാനിക്കാനുള്ള നീക്കങ്ങളെ തടയേണ്ട ഉത്തരവാദിത്തവുമുണ്ടെന്നും ബില്ലില്‍ പറയുന്നു.
രണ്ടിലധികം കുട്ടികള്‍ക്കു ജന്മംനല്‍കുന്ന ദമ്പതികള്‍ക്ക് ശിക്ഷ നല്‍കണമെന്നു കമ്മിഷന്‍ പറയുന്നില്ലെന്നും ജനന നിയന്ത്രണത്തിനായി രൂപീകരിക്കുന്ന കമ്മിഷനാണ് ഇക്കാര്യം നിര്‍ദേശിക്കേണ്ടതെന്നും കമ്മിഷന്റെ മുഖ്യ ഉപദേഷ്ടാവ് ഡോ. എന്‍.ആര്‍. മാധവമേനോന്‍ വ്യക്തമാക്കി.
ഗര്‍ഭഛിദ്രം അനുവദിക്കണമെന്നതാണു വനിതാ കോഡ് ബില്ലില്‍ ഇനി വിവാദമാകാനിടയുള്ള മറ്റൊരു നിര്‍ദേശം. സുരക്ഷിതമായ ഗര്‍ഭഛിദ്രത്തിനായി എല്ലാ ആശുപത്രികളിലും സംവിധാനമൊരുക്കണമെന്നു ബില്ലില്‍ പറയുന്നു. ഗര്‍ഭനിരോധനത്തിനുള്ള മാര്‍ഗങ്ങളും ഉപദേശങ്ങളും വിവാഹവേളയില്‍ തന്നെ നല്‍കണമെന്നും നിര്‍ദേശിക്കുന്നു. ഗര്‍ഭഛിദ്രം ഒരു മതവും അംഗീകരിക്കുന്നില്ലാത്തതിനാല്‍ പൊതുസമൂഹത്തില്‍ ഇതു പുതിയ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല