സ്വന്തം ലേഖകന്‍: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. പ്രവേശന വിലക്ക് സ്ത്രീകളുടെ അവകാശത്തിന്റെ ലംഘനമാണോയെന്നാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിക്കുന്നത്. അഞ്ചംഗ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്ന ആവശ്യവും പരിഗണിക്കും. സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ചാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് ഉത്തരവിട്ടത്.
ശബരിമല പ്രവേശനം സ്ത്രീകള്‍ക്ക് വിലക്കുന്നത് പൗരസ്വാതന്ത്രത്തിന്റെ ലംഘനമാണോ, ആരാധനാ സ്വാതന്ത്രത്തിന് എതിരാണോ, ആര്‍ത്തവ സമയത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സാധുതയുണ്ടോ എന്നീ കാര്യങ്ങളും ബെഞ്ച് പരിശോധിക്കും. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരായ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ഉന്നയിച്ച പ്രധാന വാദം. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വം ബോര്‍ഡും ആവശ്യപ്പെട്ടിരുന്നു.
ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ സമര്‍പ്പിക്കണമെന്ന് മുഴുവന്‍ കക്ഷികള്‍ക്കും ഫെബ്രുവരിയില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്രവേശനത്തെ അനുകൂലിച്ച് 2007ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിക്കരുതെന്ന് പിന്നീട് അവര്‍തന്നെ ആവശ്യപ്പെട്ടിരുന്നു. എല്‍.ഡി.എഫ്. അധികാരത്തിലെത്തിയപ്പോള്‍ 2007ലെ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. സര്‍ക്കാരുകള്‍ക്ക് ഇങ്ങനെ നിലപാട് മാറ്റാനാവില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല