ലോകകപ്പ് വനിതാ ഫുട്‌ബോളില്‍ ജപ്പാനോട് തോറ്റ് ഇംഗ്ലണ്ട് വനിതകള്‍ പുറത്തായി. ഇന്‍ജ്വറി ടൈമില്‍ ഇംഗ്ലണ്ടിന്റെ താരം നേടിയ ഓണ്‍ ഗോളാണ് ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് വഴിവെച്ചത്. ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്റെ ജയം.
ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വനിതാ ഫുട്‌ബോള്‍ ടീം ലോകകപ്പ് സെമിയില്‍ എത്തുന്നത്. ചരിത്രത്തിലെ ആദ്യ ഫൈനല്‍ ലക്ഷ്യമാക്കി നീങ്ങിയ ഇംഗ്ലീഷ് വനിതകള്‍ക്ക് തിരിച്ചടിയായത് അവരുടെ തന്നെ പിഴവുകളാണ്.
ഗോള്‍ പോസ്റ്റിന് മുന്നില്‍ മൂന്ന് തുറന്ന അവസരങ്ങളെ പാഴാക്കിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെന്ന് കളി നിരീക്ഷകര്‍ പറയുന്നു. അവസരങ്ങള്‍ ഗോളുകളാക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. അവസാന മിനിറ്റില്‍ കിട്ടിയ ഒരു ചാന്‍സ് ക്രോസ് ബാറില്‍ തട്ടി പുറത്തു പോയപ്പോള്‍ ഒപ്പം പോയത് ഇംഗ്ലണ്ടിന് ലോകകപ്പ് എന്ന പ്രതീക്ഷയാണ്.
ലോകകപ്പ് ഫൈനലില്‍ അമേരിക്കയുമായി ഇനി ജപ്പാന്‍ ഏറ്റുമുട്ടും. ഈ ഞായറാഴ്ച്ചയാണ് വനിതാ ലോകകപ്പ് ഫൈനല്‍ നടക്കുന്നത്. മികച്ച ഫോമില്‍നില്‍ക്കുന്ന യുഎസ് വനിതകളെ പിടിച്ചു കെട്ടാന്‍ ജപ്പാന് പാടുപെടേണ്ടി വരുമെന്നാണ് വിലയിരുത്തലുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല