സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ് വിലക്ക് ലംഘിച്ച് വാഹനം ഓടിച്ച യുവതിയ്ക്ക് കോടതി വിധിച്ച ചാട്ടവാറടി ശിക്ഷ അബ്ദുള്ള രാജാവ് റദ്ദാക്കി. കഴിഞ്ഞ ജൂലായില്‍ തലസ്ഥാന നഗരിയായ റിയാദില്‍ കാറുമായി റോഡിലിറങ്ങിയ ഷയ്മ ജസ്തയ്‌ന (30) യ്ക്കാണ് കോടതി പത്ത് ചാട്ടവാറടി ശിക്ഷ വിധിച്ചത്.
കോടതി വിധിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാജ്യം സ്ത്രീകളോട് കാട്ടുന്ന വിവേചനത്തിന്റെ ഉദാഹരണമാണ് ശിക്ഷാവിധിയെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചിരുന്നു. സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ടുള്ള അബ്ദുള്ള രാജാവിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് സ്ത്രീകളോടുള്ള യാഥാസ്ഥിതിക മനോഭാവത്തിന് രാജ്യത്ത് മാറ്റം വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന കോടതിവിധി കഴിഞ്ഞ ദിവസം പുറത്തുവന്നത്.
വാഹനമോടിക്കുന്നതിനുള്ള വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് ഏതാനും മാസങ്ങളായി സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രചാരണം ശക്തിപ്പെട്ടുവരികയാണ്. വിമന്‍ ടു െ്രെഡവ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒട്ടേറെ സ്ത്രീകള്‍ ഈയിടെ കാറുകളുമായി റോഡിലിറങ്ങിയിരുന്നു. റിയാദ് നഗരത്തില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വനിതാെ്രെഡവര്‍മാരെ തെരുവില്‍ കണ്ടുവരുന്നുണ്ട്.
ഡ്രൈവ് ചെയ്യുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത മനാല്‍ അല്‍ ഷെരീഫ് എന്ന വിമന്‍ ടു െ്രെഡവ് പ്രവര്‍ത്തകയെ നേരത്തേ അറസ്റ്റുചെയ്ത് 10 ദിവസം പോലീസ് കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് കോടതി വാഹനമോടിച്ച സ്ത്രീക്കെതിരെ ശിക്ഷ വിധിക്കുന്നത്. വിധിക്കെതിരെ ഷയ്മ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിമന്‍ ടു ഡ്രൈവിന്റെ ഏതാനും പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് നിലവിലുണ്ട്. ഇവരുടെ വിചാരണ ഈ വര്‍ഷാവസാനത്തോടെയുണ്ടാകുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല