
സ്വന്തം ലേഖകൻ: വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിന് (വർക്ക് ഫ്രം ഹോം) ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അംഗീകാരം. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ഇൗ അനുമതി ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മാർഗനിർദേശത്തെ തുടർന്നാണ് പുതിയ അംഗീകാരം.
ദുബായുടെ മുന്നോട്ടുള്ള കുതിപ്പിന് ഇതു ശക്തി പകരുമെന്നാണ് കരുതുന്നത്. ആധുനിക സാങ്കേതിക രംഗത്തെ നൂതന കണ്ടുപിടിത്തങ്ങൾ ഉപയോഗിച്ച് പുതിയ തൊഴിൽ സാഹചര്യം സൃഷ്ടിക്കാൻ സാധിക്കുകയും സാധ്യതകൾ യാഥാർഥ്യമാക്കാൻ സഹായിക്കുകയും ചെയ്യും. കൊവിഡ് ലോക് ഡൗൺ കാലത്ത് വർക് ഫ്രം ഹോം സംവിധാനം ഏറെ ഗുണകരമായിരുന്നു. കൂടുതൽ സൃഷ്ടിപരതയ്ക്കും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും ഇൗ സംവിധാനം സഹായകമാകുമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
ആളുകൾക്ക് എവിടെയിരുന്നും ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുക വഴി ഭാവിയിൽ കൂടുതൽ തസ്തികകൾ രൂപപ്പെടുകയും ചെയ്യുമെന്നും ഇൗ സംവിധാനം ഏർപ്പെടുത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ദുബായ് ഗവ.ഹ്യൂമൻ റിസോഴ്സസ് വിഭാഗം ഡയറക്ടർ ജനറൽ അബ്ദുല്ല അലി സായിദ് അൽ ഫലാസി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല