സ്വന്തം ലേഖകൻ: യുഎസില്‍ വിവിധയിടങ്ങളിലുള്ള ഓഫീസുകള്‍ ഒഴിയുകയാണ് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും മുന്‍നിര കമ്പനികളിലൊന്നായ മൈക്രോ സോഫ്റ്റും. വാഷിങ്ടണിലെ സിയാറ്റിലിലും ബെല്‍വ്യൂവിലുമുള്ള ഓഫീസുകള്‍ കമ്പനികള്‍ ഒഴിയുന്നതായി സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുവില്‍ സാങ്കേതിക വിദ്യാ രംഗത്തുണ്ടായ മാറ്റങ്ങളാണ് കമ്പനികള്‍ ഓഫീസ് ഒഴിയുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം.
സിയാറ്റിലിലെ ആറ് നിലയുള്ള ആര്‍ബര്‍ ബ്ലോക്ക് 333 യിലെ കെട്ടിടവും ബെല്‍വ്യൂവിലെ സ്പ്രിങ് ഡിസ്ട്രിക്ടിലുള്ള ബ്ലോക്ക് 6 ലെ 11 നിലയുള്ള കെട്ടിടവുമാണ് ഫെയ്‌സ്ബുക്ക് ഒഴിയുന്നത്. കമ്പനി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ബെല്‍വ്യൂവിലെ 26 നില സിറ്റി സെന്റര്‍ പ്ലാസ ഒഴിയാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. ജൂണ്‍ 2024 ന് ലീസ് അവസാനിക്കും. പിന്നീട് ഇത് പുതുക്കേണ്ടതില്ലെന്നാണ് തീരുമാനം.
റിമോട്ട്‌വര്‍ക്ക് അഥവാ ഓഫീസില്‍ വരാതെ മറ്റിടങ്ങളില്‍ നിന്ന് ജോലി ചെയ്യുന്ന രീതിക്ക് ഐടി മേഖലയില്‍ സ്വീകാര്യത ലഭിച്ചതും സാങ്കേതികവിദ്യാ വ്യവസായ രംഗത്തെ പ്രതിസന്ധിയെ തുടര്‍ന്നുള്ള കൂട്ടപ്പിരിച്ചുവിടലുകളും കമ്പനിഓഫീസുകളില്‍ ജീവനക്കാര്‍ കുറയുന്നതിന് കാരണമായി. സിയാറ്റില്‍ മേഖലയില്‍ മാത്രം 726 ജീവനക്കാരെ മെറ്റ നവംബറില്‍ പിരിച്ചുവിട്ടിട്ടുണ്ട്.
കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് മെറ്റയും, മൈക്രോസോഫ്റ്റും ഉള്‍പ്പടെയുള്ള കമ്പനികള്‍ ജോലിക്കാരെ വീട്ടിലിരുന്നും(work from home) ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും ജോലി ചെയ്യാന്‍ അനുവദിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചുകൊണ്ടുതന്നെ പുതിയ ജീവനക്കാരെ നിയമിക്കുകയും ജീവനക്കാര്‍ അത്തരം ജോലിമാത്രം തിരഞ്ഞെടുക്കുകയും ചെയ്യുന്ന രീതി ഇതിനകം സജീവമായിട്ടുണ്ട്.
ആര്‍ബര്‍ബ്ലോക്ക് 33 യിലെ മുഴുവന്‍ നിലയും മെറ്റയുടെ കയ്യിലാണ്. ബ്ലോക്ക് 6 മുഴുവനായി ഏറ്റെടുത്ത് ഈ വര്‍ഷം അവസാനത്തോടെ തുറക്കാനായിരുന്നു പദ്ധതി. ഈ രണ്ട് കെട്ടിടവും മറ്റാര്‍ക്കെങ്കിലും വാടകയ്ക്ക് കൊടുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിലവില്‍ സിയാറ്റിലില്‍ മാത്രം കമ്പനിയ്ക്ക് 29 കെട്ടിടങ്ങളും 8000 ജീവനക്കാരുമുണ്ട്.
അതേസമയം ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് സിറ്റി സെന്റര്‍ പ്ലാസ ഒഴിയാനുള്ള നീക്കത്തിന് പിന്നിലെന്ന് മൈക്രോസോഫ്‌റ് പറയുന്നു. കമ്പനിയുടെ റെഡ്മണ്ട് കാമ്പസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാവുന്നതും ഇതിന് കാരണമാണ്. അതേസമയം കമ്പനിയുടെ പ്രതിസന്ധികളും ഓഫീസ് വിടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല