സ്വന്തം ലേഖകൻ: കുവൈത്തിൽ ദേശീയ തൊഴിൽ റജിസ്റ്ററിലെ 3, 5 വിഭാഗത്തിലുള്ളവരുടെ വർക്ക് പെർമിറ്റ് സ്വമേധയാ പുതുക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പ്രത്യേക അനുമതിയോടെ ജോലി ചെയ്യുന്ന 15–18 വയസ്സുകാരുടെയും മനുഷ്യാവകാശ സംഘടനകളിൽ ജോലി ചെയ്യുന്നവരുടെയും വർക്ക് പെർമിറ്റാണ് സ്വമേധയാ പുതുക്കുന്നത്. ഇതിനായി ബന്ധപ്പെട്ട കാര്യാലയങ്ങൾ സന്ദർശിക്കേണ്ടതില്ലെന്നും വ്യക്തമാക്കുന്നു.
തൊഴിലാളികള്‍ക്ക് വിസ അനുവദിക്കണമെന്ന ഈജിപ്ഷ്യൻ അധികൃതരുടെ അഭ്യർഥന തള്ളി. ഈജിപ്ഷ്യൻ തൊഴിലാളികള്‍ക്കുള്ള വിസ വിലക്ക് തുടരുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ വ്യക്തമാക്കി. കുവൈത്തില്‍ ഈജിപ്തുകാര്‍ക്ക് എല്ലാവിധ വിസകളും അനുവദിക്കുന്നത് താൽക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
വ്യാജ തൊഴില്‍ കമ്പനികളുടെ ഫയലുകളിൽ ഈജിപ്ഷ്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് കുവൈത്തിലേക്ക് അയച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, നിലവില്‍ രാജ്യത്ത് കഴിയുന്നവര്‍ക്കും കുവൈത്തില്‍ താമസ അനുമതിയുള്ളവര്‍ക്കും വിലക്ക് ബാധകമല്ല.
ഈജിപ്ഷ്യൻ തൊഴിലാളികളെ കൊണ്ടുവരാൻ രാജ്യത്തെ കമ്പനികൾക്ക് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഇളവ് നൽകിയെന്ന വാര്‍ത്തകളും അധികൃതര്‍ നിഷേധിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തേ ഉണ്ടായിരുന്ന ഇലക്ട്രോണിക് ലേബർ ലിങ്ക് റദ്ദാക്കിയതായും അതിലേക്ക് തിരികെ പോകാനുള്ള സാധ്യതയില്ലെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസിസമൂഹമാണ് ഈജിപ്തുകാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല