സ്വന്തം ലേഖകൻ: ടോക്യോ ഒളിമ്പിക്‌സിനു പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്രമെഴുതി ഇന്ത്യയുടെ നീരജ് ചോപ്ര. ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായ നീരജ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി വീണ്ടും അഭിമാന താരമായി. ജാവലിന്‍ ത്രോ ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.
2003 പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടി വെങ്കലം നേടിയ മലയാളിയായ ലോങ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന് ശേഷം ലോക അത്ലറ്റിക്‌സില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡല്‍ മാത്രമാണിത്.
ഫൈനലില്‍ നീരജിന്റെ ആദ്യ ശ്രമം തന്നെ ഫൗളായിരുന്നു. രണ്ടാം ശ്രമത്തില്‍ 82.39 മീറ്റര്‍. മൂന്നാം ശ്രമത്തില്‍ 86.37 മീറ്റര്‍ കണ്ടെത്തിയ നീരജ് നാലാം ശ്രമത്തിലാണ് വെള്ളിയിലെത്തിയ 88.13 മീറ്റര്‍ എറിഞ്ഞത്. അഞ്ചാമത്തെയും ആറാമത്തെയും ശ്രമം ഫൗളായി. 90.54 മീറ്റര്‍ എറിഞ്ഞ ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനാണ് സ്വര്‍ണം. നിലവിലെ ചാമ്പ്യന്‍ കൂടിയാണ് അദ്ദേഹം. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്‌ലെച്ച്് 88.09 മീറ്ററോടെ വെങ്കലം നേടി.
വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനലിന് യോഗ്യത ഉറപ്പാക്കിയത്. കഴിഞ്ഞവര്‍ഷം ടോക്യോയില്‍ 87.58 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയ നീരജ് ഒളിമ്പിക്സിലെ അത്‌ലറ്റിക്സില്‍ ഇന്ത്യക്കാരന്റെ ആദ്യ മെഡല്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് കുറച്ചുകാലം മത്സരരംഗത്തുനിന്ന് മാറിനിന്നെങ്കിലും കഴിഞ്ഞമാസം ഫിന്‍ലന്‍ഡില്‍ നടന്ന പാവോ നൂര്‍മി ഗെയിംസില്‍ 89.30 മീറ്റര്‍ എറിഞ്ഞ് സ്വന്തം റെക്കോഡ് മെച്ചപ്പെടുത്തി. തുടര്‍ന്ന് സ്വീഡനില്‍ നടന്ന ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് ഒരിക്കല്‍ക്കൂടി റെക്കോഡ് മെച്ചപ്പെടുത്തി ഉജ്ജ്വല ഫോമിലാണെന്ന് തെളിയിച്ചു.
സീസണില്‍ 93.07 മീറ്റര്‍ എറിഞ്ഞ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് ഫൈനലിലും തകര്‍പ്പന്‍ ഫോമിലായിരുന്നു. ആദ്യ ശ്രമത്തില്‍ തന്നെ 90.21 മീറ്റര്‍ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തില്‍ 90.46 ഉം അവസാന ശ്രത്തില്‍ 90.54 മീറ്ററും ജാവലിന്‍ പായിച്ച് ആധികാരികമായാണ് സ്വര്‍ണ മെഡലിലേക്കെത്തിയത്. ഫൈനലില്‍ 90 മീറ്റര്‍ പിന്നിട്ട ഏക താരവും പീറ്റേഴ്‌സ് തന്നെ.
അതേസമയം ജാവലിനില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം രോഹിത് യാദവ് 10-ാം സ്ഥാനത്തായി. 78.72 മീറ്ററാണ് രോഹിത്തിന്റെ മികച്ച ദൂരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല