സ്വന്തം ലേഖകന്‍: ലോക നിലവാരത്തില്‍ ഒരു മെട്രോ യാത്ര, ഇന്ത്യയിലെ മികച്ച മെട്രോയാവാന്‍ നിരവധി പുതുമകളുമായി കൊച്ചി മെട്രോ ഒരുങ്ങുന്നു. ഉദ്ഘാടനത്തിന് ഒരുങ്ങുന്ന കൊച്ചി മെട്രോ പുതുമകളിലും രാജ്യത്തെ മറ്റ് മെട്രോകള്‍ക്കൊന്നും ഇല്ലാത്ത നിരവധി സവിശേഷതകളാണ് സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) അവതരിപ്പിച്ച കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (സി.ബി.ടി.സി) സംവിധാനമാണ് പ്രധാന സവിശേഷത.
ട്രെയിനുകളുടെ സ്ഥാനം കൃത്യമായി അറിയാനും ഗതാഗതം സുഗമവും സുരക്ഷിതവുമാക്കാനും സഹായിക്കുന്ന ഈ സിഗ്‌നലിങ് സംവിധാനം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത് കൊച്ചിയിലാണ്. യാത്രക്കാരുടെ അഭിരുചിക്കിണങ്ങിയ വിധത്തില്‍ ട്രെയിനുകളുടെയും സ്‌റ്റേഷനുകളുടെയും രൂപകല്‍പനയും ശുചീകരണ സംവിധാനങ്ങളുമാണ് കൊച്ചി മെട്രോയുടെ മറ്റു സവിശേഷതകള്‍.
ഓട്ടോമാറ്റിക് ഫെയര്‍ കലക്ഷന്‍ (എ.എഫ്.സി) സംവിധാനം അടിസ്ഥാനമാക്കി കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള സംവിധാനമാണ് മറ്റൊരു സവിശേഷത. രാജ്യത്തെ മറ്റ് മെട്രോകളും ഇത് നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന് പുറത്തിറക്കുന്ന ‘കൊച്ചി വണ്‍’ സ്മാര്‍ട്ട് കാര്‍ഡ് യാത്രക്ക് പുറമെ രാജ്യത്തെവിടെയും വിവിധ ഇടപാടുകള്‍ക്ക് ഉപയോഗിക്കാം. കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
സിംഗപ്പൂരിന് ശേഷം ഇത് ആദ്യമായി നടപ്പാക്കുന്നത് കൊച്ചി മെട്രോയിലാണ്. മെട്രോ സ്‌റ്റേഷനുകളില്‍ ലഭ്യമാകും വിധം ഉല്‍പന്നങ്ങളും സേവനങ്ങളും ഈ കാര്‍ഡ് ഉപയോഗിച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യവും പരിഗണനയിലാണ്. മറ്റ് മെട്രോകളില്‍ നിലവിലുള്ള കാര്‍ഡ് യാത്രക്കും നിശ്ചിത സ്ഥലങ്ങളിലെ ഇടപാടുകള്‍ക്കും മാത്രമേ ഉപയോഗിക്കാനാകൂ. ആക്‌സിസ് ബാങ്കിന്റെ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ കാര്‍ഡ് പുറത്തിറക്കും. ട്രെയിനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതടക്കം നിയമലംഘനം നടത്തുന്നവരെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുന്നുണ്ട്.
500 രൂപയാണ് ഇത്തരക്കാര്‍ക്കുള്ള കുറഞ്ഞ പിഴ. സ്‌റ്റേഷനുകളിലും ട്രെയിനുകളിലും മദ്യവും പുകവലിയും കര്‍ശനമായി വിലക്കും. സ്ത്രീസുരക്ഷക്ക് മുന്‍ഗണന നല്‍കും. ട്രെയിനില്‍ ഭക്ഷണം കഴിക്കുന്നതും ഉച്ചത്തില്‍ പാട്ട് വെക്കുന്നതും അനുവദിക്കില്ല. ട്രെയിനിലും സ്‌റ്റേഷനിലും പോസ്റ്ററുകളും ചിത്രങ്ങളും പതിക്കുന്നത് 1000 രൂപ പിഴയും ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. നിരോധിത വസ്തുക്കളുമായും അമിതമായി മദ്യപിച്ച നിലയിലും യാത്ര അനുവദിക്കില്ല. മെട്രോ പരിസരങ്ങളില്‍ തുപ്പുന്നവരില്‍നിന്ന് നൂറ് രൂപ പിഴയും ഈടാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല