സ്വന്തം ലേഖകൻ: ലോകകപ്പ് ജേതാവും അര്‍ജന്റീനയുടെ നായകനുമായ ലയണല്‍ മെസിക്ക് ഉജ്വല വരവേല്‍പ്പ നല്‍കി പാരിസ് സെന്റ് ജര്‍മന്‍ ആരാധകര്‍ (പി എസ് ജി). ഫ്രഞ്ച് ലഗീല്‍ മെസി പി എസ് ജിക്കായാണ് കളിക്കുന്നത്. ലോകകപ്പ് വിജയാഘോഷവും ഇടവേളയും കഴിഞ്ഞ് ചൊവ്വാഴ്ചയാണ് മെസി പാരിസില്‍ തിരിച്ചെത്തിയത്.
പാരിസ് വിമാനത്താവളത്തില്‍ മെസിയെ കാത്ത് ആയിരക്കണക്കിന് ആരാധകരായിരുന്നു ഉണ്ടായിരുന്നത്. എല്‍ ഗ്രാഫിക്കൊ ആരാധകരുടെ ഒരു വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. പടക്കങ്ങളൊക്കെ പൊട്ടിച്ചാണ് മെസിയെ സ്വാഗതം ചെയ്തത്.
പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ റേസിങ് ക്ലബ്ബ് ഡി ലെന്‍സിനോട് പി എസ് ജി പരാജയം വഴങ്ങി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു തോല്‍വി. സീസണിലെ പി എസ് ജിയുടെ ആദ്യ പരാജയമാണിത്. 44 പോയിന്റുമായി ഫ്രഞ്ച് ലീഗില്‍ പി എസ് ജി ഒന്നാമതാണ്. നാല് പോയിന്റ് പിന്നിലാണ് ലെന്‍സ്.
പി എസ് ജി നിരയില്‍ ഒരു താരത്തിന്റെ അഭാവമാണ് മത്സരഫലം മാറ്റി മറിച്ചതെന്ന് ലെന്‍സ് പ്രതിരോധ താരം പാക്കുന്‍ഡൊ മെഡിന പറഞ്ഞിരുന്നു.
“എതിരാളിയെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ല. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച താരത്തിന്റെ അഭാവം അവര്‍ക്കുണ്ടായിരുന്നു. മെസിയാണ് മികച്ച താരമെന്ന് ഇനിയും നിങ്ങള്‍ക്ക് സംശയമുണ്ടൊ. അതൊരു വല്ലാത്ത ചോദ്യമാണ്. അദ്ദേഹത്തിന്റെ കളി നമ്മള്‍ ആസ്വദിക്കണം,” മെഡിന വ്യക്തമാക്കി.
ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കിരീടം നേടിയത്. നിശ്ചത സമയത്തും അധിക സമയത്തും മത്സരം 3-3 എന്ന നിലയില്‍ സമനില പാലിച്ചതോടെ മത്സരം പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-2 നാണ് മെസിപ്പട വിജയിച്ചത്.
ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുമായി ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മെസിയായിരുന്നു. ഇത് രണ്ടാം തവണയാണ് മെസി ഗോള്‍ഡന്‍ ബോള്‍ നേടുന്നത്. 2014 ലോകകപ്പിലായിരുന്നു ആദ്യമായി പുരസ്കാരം നേടിയത്. അന്ന് ഫൈനലില്‍ അര്‍ജന്റീന ജര്‍മനിയോട് പരാജയപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല