സ്വന്തം ലേഖകൻ: രാജ്യത്തെ രണ്ടാമത്തെ ഹയാ കാർഡ് സർവീസ് സെന്ററിന് ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ (ഡിഇസിസി) തുടക്കമായി. ഡിഇസിസി സന്ദർശനത്തിലൂടെ ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് കാർഡ് സംബന്ധിച്ച എല്ലാവിധ സംശയങ്ങളും അകറ്റാം.
ആരാധകർക്ക് ഡിജിറ്റൽ ഹയാ കാർഡ് മതി. എന്നാൽ ആവശ്യമുള്ളവർക്ക് പ്രിന്റ് ചെയ്ത കാർഡും ഇവിടെ നിന്ന് ലഭിക്കും. ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയുമാണ് സെന്ററിന്റെ പ്രവർത്തനം. ഡിസംബർ 23 വരെ കേന്ദ്രം പ്രവർത്തിക്കും. ഹയാ കാർഡിന്റെ ആദ്യത്തെ സെന്റർ ഈ മാസം ആദ്യമാണ് അലി ബിൻ ഹമദ് അൽ അത്തിയ്യ അറീനയിൽ തുറന്നത്.
ലോകകപ്പ് ടിക്കറ്റെടുത്തവർക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കാൻ ഹയാ കാർഡുകൾ നിർബന്ധമാണ്. ഹയാ കാർഡ് ഉടമകൾക്ക് പൊതുഗതാഗത സൗകര്യങ്ങളിൽ യാത്ര സൗജന്യമാണ്. അടിയന്തര സേവനങ്ങളും സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കും. വിദേശ കാണികളെ സംബന്ധിച്ച് രാജ്യത്തേക്കുള്ള പ്രവേശന വീസ കൂടിയാണിത്.
ഖത്തറിലുള്ളവർക്ക് സ്റ്റേഡിയം പ്രവേശനത്തിന് കാർഡ് നിർബന്ധമാണ്. ഹയാ കാർഡിന് അനുമതി ലഭിച്ചവർക്ക് രാജ്യത്തേക്കുള്ള എൻട്രി പെർമിറ്റിന്റെ പിഡിഎഫ് പകർപ്പ് ഇ-മെയിലിൽ ലഭിക്കും. മത്സര ടിക്കറ്റെടുത്തവർ ഹയാ കാർഡിനായി അപേക്ഷിക്കണം. ടിക്കറ്റ് നമ്പർ, വ്യക്തിഗത വിവരങ്ങൾ, ഫോട്ടോ, ഖത്തറിലെത്തുമ്പോൾ താമസിക്കുന്ന മേൽവിലാസം എന്നിവ ഉൾപ്പെടെ അപേക്ഷയ്ക്കൊപ്പം നൽകണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല