സ്വന്തം ലേഖകൻ: നവംബർ ഒന്നു മുതൽ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ സേവനങ്ങളിൽ 70% വെർച്വൽ കൺസൽറ്റേഷൻ ആയിരിക്കും. ഹെൽത്ത് സെന്ററുകളിലെത്തിയുള്ള കൂടിക്കാഴ്ച 30% രോഗികൾക്ക് മാത്രമായിരിക്കും. പ്രാഥമിക പരിചരണ കോർപറേഷന്റെതാണ് (പിഎച്ച്സിസി) പ്രഖ്യാപനം.
ലോകകപ്പ് സമയത്ത് ഹെൽത്ത് സെന്ററുകളിലെ സന്ദർശകരുടെ തിരക്ക് കുറയ്ക്കാൻ ഇ-സേവനങ്ങൾ, വെർച്വൽ, ഓൺലൈൻ സെഷനുകൾ ആയിരിക്കും പ്രധാനമായും നടപ്പാക്കുക. ഫിഫ ലോകകപ്പിൽ ആരോഗ്യ മേഖലയിലെ സേവനങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമാണിത്.
നവംബറിലേക്ക് നേരത്തെ ബുക്ക് ചെയ്ത എല്ലാ കൺസൽറ്റേഷനും വെർച്വൽ ആക്കും. ഇതു സംബന്ധിച്ച് രോഗികൾക്ക് അറിയിപ്പ് ലഭിക്കും. ഡോക്ടർ ആവശ്യപ്പെട്ടാൽ മാത്രം നേരിട്ടുള്ള കൂടിക്കാഴ്ച അനുവദിക്കും. മരുന്നുകൾ ആവശ്യമായ രോഗികൾക്ക് ടെലിഫോൺ മുഖേന മരുന്നുകൾ ബുക്ക് ചെയ്യാം. ഹോം ഡെലിവറി ആവശ്യപ്പെടാം.
∙ഇ-ജാസയിലൂടെ ഓൺലൈനിൽ രോഗാവധി സർട്ടിഫിക്കറ്റ് ലഭ്യമാണ്. അപ്പോയ്ൻമെന്റിന് അപേക്ഷ, ഹെൽത്ത് കാർഡ് റജിസ്ട്രേഷൻ, ആശ്രിതരെ ചേർക്കൽ, ഫാമിലി ഫിസിഷ്യനെ മാറ്റൽ, ഹെൽത്ത് സെന്റർ മാറ്റം, ഹെൽത്ത് കാർഡ് പുതുക്കൽ എന്നിവയ്ക്കായി നർ ആ കോം മൊബൈൽ ആപ്, പിഎച്ച്സിസി വെബ്സൈറ്റ് എന്നിവയിലൂടെ ഇ-സേവനങ്ങൾ പ്രയോജനപ്പെടുത്തണം.
ഫാമിലി മെഡിസിൻ, പീഡിയാട്രിക്, ഡെന്റൽ നടപടികൾ, ഇഎൻടി, ഡെർമെറ്റോളജി, കാൻസർ സ്ക്രീനിങ്, ഒഫ്താൽമോളജി എന്നീ ക്ലിനിക്കുകളിൽ അടിയന്തര സേവനങ്ങൾക്കായി നേരിട്ടെത്താം. കൺസൽറ്റേഷൻ, അപ്പോയ്ൻമെന്റ് എന്നിവയ്ക്കായി 16000 എന്ന നമ്പറിൽ വിളിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല