സ്വന്തം ലേഖകന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും സമനിലയില്‍ പിരിഞ്ഞു. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ക്ലാസിക് പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രസീല്‍ അര്‍ജന്റീന മത്സരം സമനിലയില്‍ കലാശിച്ചു. മഴമൂലം ഒരു ദിവസം മാറ്റിവെച്ച മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പാലിച്ചത്.
സ്വന്തം തട്ടകത്തിലെ മത്സരത്തില്‍ നേരിയ മുന്‍തൂക്കം പുലര്‍ത്തിയ അര്‍ജന്റീനയാണ് ആദ്യ ഗോള്‍ നേടിയത്. മുപ്പത്തിമൂന്നാം മിനിറ്റില്‍ ഡിമരിയയും ഹിഗ്വെയ്‌നും ചേര്‍ന്ന് നടത്തിയ മുന്നേറ്റം ലവോസി പിഴയ്ക്കാതെ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ആതിഥേയര്‍ മുന്നിലെത്തി.
പകുതി സമയത്ത് ഒരു ഗോളിന് പിന്നിലായ ശേഷം ഉണര്‍ന്നു കളിച്ച ബ്രസീല്‍ അറുപത്തിരണ്ടാം മിനിറ്റില്‍ സമനില പിടിച്ചു. പകരക്കാരനായി ഫീല്‍ഡിലെത്തിയ കോസ്റ്റയുടെ ബാറില്‍ തട്ടി മടങ്ങിയ ഹെഡ്ഡര്‍ ലിമ വലയിലാക്കുകയായിരുന്നു.
സമനില പിടിച്ചതോടെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ ഇരു ടീമുകളും പ്രതിരോധത്തിലായതോടെ ക്ലാസിക് പോരാട്ടത്തിന്റെ രസം ചോരുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല