അബുദാബി: യുഎഇയിലെത്തി പ്രവാസികളായി താമസിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ആളുകള്‍ മുഴുവന്‍ ആഗ്രഹിക്കുന്നത് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഫൈനലില്‍ കടക്കണമെന്നാണ്. യുഎഇയിലൂള്ള പാകിസ്താന്‍, ശ്രീലങ്ക ആരാധകര്‍ ആഗ്രഹിക്കുന്നത് ലോകകപ്പ് കിരീടം ഏഷ്യ വിട്ടു പോകരുതെന്നാണ്. അതിന് ആദ്യം ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തണം. ലോകകപ്പ് ക്രിക്കറ്റിനിടെ തരംഗമായ മോക്കാ മോക്കാ പരസ്യം പോലെ മറ്റുള്ള ടീമുകളുടെ ആരാധകര്‍ ഇപ്പോള്‍ ഇന്ത്യന്‍ ജേഴ്‌സിയണിച്ച് ധോണിക്കും കൂട്ടര്‍ക്കും ജയ് വിളിക്കുകയാണ്.
ഇപ്പോള്‍ ലോകകപ്പ് ടൂര്‍ണമെന്റില്‍ നിലനില്‍ക്കുന്ന ഏക ഏഷ്യന്‍ രാജ്യം ഇന്ത്യയാണ്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ രണ്ടാം സെമി പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുമ്പോള്‍ വിജയം അനായാസമായിരിക്കില്ല. കാരണം ചരിത്രത്തിന്റെ പിന്തുണ ഓസ്‌ട്രേലിയക്കാണ്.
ഇത്തവണത്തെ ലോകകപ്പ് മത്സരത്തിലാണ് ആദ്യമായി നാല് ഏഷ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ച് അവസാന എട്ടു ടീമുകളില്‍ ഇടം നേടിയത്. ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ നാല് രാജ്യങ്ങളാണ് അവസാന എട്ടില്‍ ഇടം നേടിയത്. എന്നാല്‍ ഇവിടെ നിന്നും സെമിയില്‍ കടന്നത് ഇന്ത്യ മാത്രമാണ്.
ലോകകപ്പ് കിരീടം ഏഷ്യയില്‍ തന്നെ നിലനില്‍ക്കട്ടെ എന്ന ആഗ്രഹമാണ് ഇപ്പോള്‍ പാകിസ്താന്‍ ആരാധകരെയും ബംഗ്ലാദേശ് ആരാധകരെയും ശ്രീലങ്കന്‍ ആരാധകരെയും ഇന്ത്യക്ക് വേണ്ടി ജയ് വിളിക്കാന്‍ പ്രേരിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല