സ്വന്തം ലേഖകന്‍: ഇന്ന് ലോക പരിസ്ഥിതി ദിനം. 700 കോടി സ്വപ്നങ്ങളും ഒരു ഗ്രഹവും, ഉപഭോഗം കരുതലോടെ എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പരത്തുന്ന വ്യത്യസ്ത പരിപാടികളാണ് ലോകമൊട്ടുക്കും വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്നത്.
700 കോടി മനുഷ്യരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഒരു ഭൂമിയെ ഉള്ളൂ എന്നാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യത്തിന്റെ ഉള്ളടക്കം. പ്രകൃതി വിഭവ ചൂഷണവും ജനസംഖ്യാ വര്‍ധനവും ഭാവി തലമുറക്ക് ഭൂമിയിലെ ജീവിതം എത്രത്തോളം ദുഷ്‌കരമാക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതേ രീതി തുടരുകയുണാങ്കില്‍ 2050 ആകുമ്പോഴേക്കും മനുഷ്യരെ ഉള്‍ക്കൊള്ളാന്‍ ഭൂമിയെപ്പോലുള്ള 3 ഹരിതഗ്രഹങ്ങളെങ്കിലും വേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്രയുടെ പരിസ്ഥിതി പരിപാടിയില്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ചൂടുകാറ്റും, സുനാമിയും, ഭൂകമ്പവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ഇപ്പോള്‍ തന്നെ മനുഷ്യ ജീവിതത്തെ താറുമാറാക്കി കഴിഞ്ഞു. പ്രകൃതിയെ ഇനിയും പരിഗണിച്ചില്ലെങ്കില്‍ മനുഷ്യ വംശത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാകുമെന്ന് യുഎന്‍ പറയുന്നു.
പുതിയ വികസന സങ്കല്‍പ്പങ്ങളും പ്രകൃതിയും തമ്മില്‍ ഒത്തുപോകാത്തതാണ് ഇന്നത്തെ അടിസ്ഥാന പരിസ്ഥിതി പ്രശ്‌നമെന്ന് വിദഗ്ദരും ചൂണ്ടിക്കാണിക്കുന്നു. ആഗോളതാപനവും വായു, ജല മലിനീകരണവും ഏതു നിമിഷവും മരിക്കാവുന്ന ഒരു ഭൂമി എന്ന അവസ്ഥയിലേക്ക് നമ്മെ കൊണ്ടുപോകുകയാണ്.
ഭൂമിയിലെ ബാക്കിയുള്ള വിഭവങ്ങള്‍ വരും തലമുറകള്‍ക്കായി സംരക്ഷിച്ച് കൈമാറുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ലോകത്തെ സുപ്രധാന നഗരങ്ങളിലെല്ലാം പരിസ്ഥിതി ദിന പ്രത്യേക പരിപാടികള്‍ നടക്കും. ഇന്ത്യയിലെ വൃക്ഷ തൈ നടീല്‍ ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല