അമാനുല്ല വടക്കാങ്ങര
ദോഹ. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ദോഹാ ബാങ്ക് സി. ഇ. ഒ. യും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. ആര്‍. സീതാരാമന്‍ അഭിപ്രായപ്പെട്ടു. ആന്റി സ്‌മോക്കിംഗ് സൈാസൈറ്റി ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടികളും ചിന്തകളും ഏതെങ്കിലും ദിനങ്ങളില്‍ പരിമിതപ്പെടുത്താതെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറേണ്ടത് അനിവാര്യമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി മാനവരാശിക്കും ജീവജാലങ്ങള്‍ക്കുമെല്ലാം നിലനില്‍ക്കാന്‍ കഴിയുന്ന പരിസ്ഥിതി നിലനിര്‍ത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്് അദ്ദേഹം പറഞ്ഞു. നമ്മുടെ തെറ്റായ നിലപാടികളും നടപടികളും കാരണം പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുന്നുവെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്. ഇതിന് എന്ത് പരിഹാരമാണ് ചെയ്യാന്‍ കഴിയുകയെന്ന് ചിന്തിക്കുകയും പ്രായോഗിക സമീപനങ്ങള്‍ സ്വീകരിക്കുകയും വേണം, അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് തലത്തിലും സ്വകാര്യമേഖലയിലുമുള്ള കൂട്ടായ പങ്കാളിത്തത്തിലൂടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി നേരിടുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അന്തരീക്ഷതാപനിലയിലെ വര്‍ദ്ധനവ്, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശവും മലിനീകരണവും വനനശീകരണം, വ്യവസായവല്‍ക്കരണം തുടങ്ങി ഗൗരവമേറിയ പല പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്കും ഹരിത സമ്പദ് വ്യവസ്ഥക്ക്് പരിഹാരം കാണാന്‍ കഴിയുമെന്നും ഈ രംഗത്ത്് പ്രായോഗികമായ നടപടികളുടെ തുടക്കമാണ് പരിസ്ഥിതി ദിനാചരണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരംക്ഷണ രംഗത്ത് ഖത്തര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ മാതൃകാപരമാണ്. കരയും കടലും സസ്യലതാദികളും പച്ചപ്പുമൊക്കെ സംരംക്ഷിക്കുന്നതോടൊപ്പം കാര്‍ബണ്‍ വികിരണം, ഊര്‍ജസ്രോതസ്സുകളുടെ കാര്യക്ഷമമായ ഉപയോഗം, വെളളം, ഭക്ഷണം മുതലായവ പാഴാക്കാതിരിക്കുക തുടങ്ങി ഖത്തര്‍ നടപ്പാക്കുന്ന വിവിധ പരിപാടികള്‍ വിജയിപ്പിക്കുവാന്‍ എല്ലാവരും ഒരു പോലെ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയും പരിസ്ഥിതി സംരക്ഷിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടുവാന്‍ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂര്‍ണമായ ജീവിതം ഉറപ്പുവരുത്തുവാന്‍ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെും ഈ രംഗത്ത് ഓരോരുത്തര്‍ക്കും എന്ത് ചെയ്യുവാന്‍ കഴിയുമെന്നതാണ് കാതലായ പ്രശ്‌നമമെന്നും അദ്ദേഹം പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. പുരോതിയില്‍ നിന്നും ലോകത്തെ പിറകോട്ടു വലിക്കാതെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയാണ് പ്രധാനം. നമ്മുടെ പ്രകൃതിയുടെ വരദാനങ്ങളെ നശിപ്പിക്കാതെയും ജൈവാവസ്ഥക്ക് കോട്ടം തട്ടാതെയും പുരോഗതി സാധ്യമാണെന്ന് പ്രായോഗികമായി തെളിയിക്കുകയും വികസനത്തില്‍ നിന്നും പുറം തിരിഞ്ഞ് നില്‍ക്കാതെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയുടെ വേഗത കുറക്കാതെയും മുന്നേറാനുള്ള മാര്‍ഗങ്ങളാണ് പരിസ്ഥിതി ദിനത്തില്‍ പ്രസക്തമാകുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവ് കുറച്ചും മലിനീകരണം പരമാവധി ഒഴിവാക്കിയും വ്യവസായങ്ങളും നിര്‍മാണങ്ങളുമെല്ലാം പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ സംവിധാനിച്ചും പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായും വിവേകപൂര്‍വമായും പ്രയോജനപ്പെടുത്തിയും ഓരോരുത്തരും ഹരിത സമ്പദ് വ്യവസ്ഥയുടെ ഭാഗമായാല്‍ പാരിസ്ഥിക പ്രശ്‌നങ്ങള്‍ കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. നല്ല വ്യക്തികള്‍ നല്ല സമൂഹത്തെ സൃഷ്ടിക്കുന്നു. നല്ല സമൂഹം നല്ല രാഷ്ട്രം നിര്‍മിക്കുന്നു. നല്ല രാഷ്ട്രം നല്ല ഭൂമിയ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എഴുനൂറ് കോടി ജനങ്ങള്‍, എഴുനൂറ് കോടി സ്പ്‌നങ്ങള്‍, ഒരു ഭൂമി, കരുതലോടെ ഉപയോഗിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയം. ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കുവാനും എല്ലാതലമുറക്കും ജീവിക്കാനാവശ്യമായ വിഭവങ്ങള്‍ കരുതിവെക്കുന്നതിനുള്ള ശക്തമായ സന്ദേശമാണ് പ്രമേയം അടയാളപ്പെടുത്തുന്നത്. ഉപഭോഗസംസ്‌കാരവും തെറ്റായ ജീവിത രീതികളും വിഭവങ്ങള്‍ നശിപ്പിക്കുന്നതിനും ഭക്ഷണ പദാര്‍ഥങ്ങള്‍ പാഴാക്കുന്നതിനെതിരെയുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ പ്രമേയം. പ്രതിവര്‍ഷം പാഴാകുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ സംരക്ഷിക്കുക, സമകാലിക ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിക പ്രശ്‌നങ്ങളെ പച്ചപ്പ് പുതച്ച് അതിജീവിക്കുക, നമ്മുടെ ചുറ്റിലും മരങ്ങളും ചെടികളും പടര്‍ത്തി പരിസ്ഥിതിയെ അലങ്കരിക്കുക തുടങ്ങിയവയാണ് പ്രമേയം ആവശ്യപ്പെടുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.
മീഡിയ പഌ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സ്പീഡ്‌ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്, സിറ്റീസ് കണ്‍സ്ട്രക്ഷന്‍ ജനറല്‍ മാനേജര്‍ നൗഷാദ് ആലം, ഖത്തര്‍ സ്റ്റാര്‍ ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ ടി. എം. കബീര്‍, ജെറ്റ് എയര്‍വേയ്‌സ് എക്കൗണ്ട്‌സ് മാനേജര്‍ അന്‍ഷാദ് ഇബ്രാഹീം, സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ ഡോ. വണ്ടൂര്‍ അബൂബക്കര്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ വിദ്യാശങ്കര്‍, ഫാത്തിമ ഹന, ഫാത്തിമ ഹസ്‌ന, സഅദ് അമാനുല്ല സംസാരിച്ചു.
പരിസ്ഥിതി പ്രദര്‍ശനം, ഇന്റര്‍സ്‌ക്കൂള്‍ പെയിന്റിംഗ് മല്‍സരം, ബോധവല്‍ക്കരണ കല്‍സുകള്‍ തുടങ്ങിയവയായിരുന്നു മറ്റു പ്രധാന പരിപാടികള്‍. യു. എന്‍. ഇ. പി. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ദോഹാ ബാങ്ക്് സി. ഇ. ഒ. ഡോ. ആര്‍. സീതാരാമന്‍, ഇന്‍ഫോസാറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഹീം, സ്പീഡ്‌ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ് മാന്‍ മുഹമ്മദ്, ഖത്തര്‍ സ്റ്റാര്‍ ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ ടി. എം. കബീര്‍, അല്‍ സുവൈദ് ഗ്രൂപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിയാസ് , സിപ്രോട്ടക് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ രാജ്കുമാര്‍ ജി. നായര്‍ , ജെറ്റ് എയര്‍വേയ്‌സ് എക്കൗണ്ട്‌സ് മാനേജര്‍ അന്‍ഷദ് ഇബ്രാഹീം എന്നിവര്‍ ഏറ്റുവാങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല