1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2023

സ്വന്തം ലേഖകൻ: രാജ്യത്ത് മിച്ചം വന്ന വൈൻ നശിപ്പിക്കാനായി 17 കോടി രൂപയിലധികം ചെലവിട്ട് ഫ്രഞ്ച് സർക്കാർ. രാജ്യത്ത് ബിയറിന്റെ ആവശ്യകത വർധിക്കുകയും വൈൻ വ്യവസായം പ്രതിസന്ധിയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാരിന്റെ ഇടപെടൽ.

ക്രാഫ്റ്റ് ബിയറിന് ജനപ്രീതി വർധിച്ചതോടെ, വൈന്‍ നിർമാതാക്കള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. ഉത്പാദനം വർധിച്ചുവെങ്കിലും, ആവശ്യകത കുറഞ്ഞു. കോവിഡിന് ശേഷമുണ്ടായ സാഹചര്യങ്ങളും, ഉയർന്ന ജീവിത ചെലവുമാണ് നിർമാതാക്കളെ കുരുക്കിലാക്കിയത്. ഈ സാഹചര്യത്തിലാണ് സർക്കാർ നിർമാതാക്കള്‍ക്ക് ആശ്വാസമായി സർക്കാർ പുതിയ ഫണ്ട് അനുവദിച്ചത്.

ബോർഡോക്സ്, ലാങ്യുഡോക് എന്നിവയുൾപ്പെടെ പ്രധാന വൈൻ ബ്രാന്‍ഡുകള്‍ക്ക് പോലും രാജ്യത്ത് ഉത്പാദന ചെലവുകള്‍ക്ക് സമാന്തരമായി വരുമാനം ലഭിക്കുന്നില്ല. വിൽപ്പന വില ഉത്പാദന ചെലവിനേക്കാള്‍ കുറവാണെന്നും ലാങ്യുഡോക് വൈൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതിനിധി ജീൻ-ഫിലിപ്പ് ഗ്രാനിയർ പറഞ്ഞു.

ആഗോളതലത്തില്‍ ഊർജ്ജ വില കുതിച്ചുയരുന്നതും യുക്രെയ്നിലെ റഷ്യൻ അധിനിവേശവുമായി ബന്ധപ്പെട്ട് ഭക്ഷ്യ- ഇന്ധന വിലയില്‍ സമീപകാലത്തുണ്ടായ വർധനവുമാണ് വൈൻ പോലുള്ള അവശ്യേതര വസ്തുക്കള്‍ക്കുള്ള ഡിമാന്‍ഡ് കുറച്ചത്. ഈ വർഷം ഇറ്റലിയിൽ 7 ശതമാനവും സ്പെയിനിൽ 10 ശതമാനവും ഫ്രാൻസിൽ 15 ശതമാനവും ജർമനിയിൽ 22 ശതമാനവും പോർച്ചുഗലിൽ 34 ശതമാനവും വൈൻ ഉപഭോഗം കുറഞ്ഞതായി യൂറോപ്യന്‍ കമ്മീഷന്റെ കണക്കുകളും വ്യക്തമാക്കുന്നു.

സർക്കാർ അനുവദിച്ച പണത്തിന്റെ ഭൂരിഭാഗവും അധിക സ്റ്റോക്ക് വാങ്ങാൻ ഉപയോഗിക്കും. വിലയിടിവ് തടയുന്നതിനും വൈൻ നിർമാതാക്കൾക്ക് വീണ്ടും വരുമാന സ്രോതസ്സുകൾ കണ്ടെത്തുന്നതിനുമാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. നശിപ്പിക്കപ്പെട്ട വൈനിൽ നിന്ന് മദ്യം വേർതിരിച്ച്, ശുദ്ധീകരണ ഉത്പന്നങ്ങൾ, ഹാൻഡ് സാനിറ്റൈസറുകൾ, പെർഫ്യൂമുകൾ തുടങ്ങിയ ഇനങ്ങളിൽ ഉപയോഗിക്കുന്നതിന് കമ്പനികൾക്ക് വിൽക്കാൻ കഴിയും. ഒലിവ് കൃഷി പോലുള്ള ബദൽ ഉത്പന്നങ്ങള്‍ കൃഷിചെയ്യുന്നതിന് കർഷകർക്ക് ധനസഹായം നല്‍കുമെന്നും സർക്കാർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.