സ്വന്തം ലേഖകൻ: ലോകത്ത് ജീവിക്കാന്‍ അനുയോജ്യമായ പട്ടണങ്ങളുടെ പട്ടികയില്‍ പിന്‍നിരയിലായി പാകിസ്താനിലെ കറാച്ചി. ഇക്കോണമിസ്റ്റ് ഇന്റലിജന്റ് യൂണിറ്റ് തയ്യാറാക്കിയ 173 പട്ടണങ്ങളുടെ പട്ടികയില്‍ 169-ാം സ്ഥാനത്താണ് കറാച്ചി. നൈജീരിയന്‍ നഗരമായ ലാഗോസ്, അള്‍ജീരിയയിലെ അള്‍ജിയേഴ്സ്, ലിബിയയിലെ ട്രിപ്പോളി, സിറിയയിലെ ഡമാസ്കസ് എന്നിവയാണ് കറാച്ചിക്കും പിന്നിലായി ഇടംപിടിച്ച പട്ടണങ്ങള്‍. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയാണ് പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്.
ലോകത്തെ വിവിധ പട്ടണങ്ങളിലെ കോവിഡിന് ശേഷമുള്ള ജീവിതസാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ആരോഗ്യസേവനങ്ങള്‍, വിദ്യാഭ്യാസം, സംസ്കാരം, കാലാവസ്ഥ തുടങ്ങിയ മാനദണ്ഡങ്ങള്‍ പ്രകാരമാണ് പട്ടണങ്ങള്‍ക്ക് പോയന്റ് നല്‍കിയത്. 100 ല്‍ 42.5 പോയന്റാണ് കറാച്ചിക്ക് കിട്ടിയത്.
ഇത് ആദ്യമായല്ല ഈ പട്ടികയില്‍ കറാച്ചി പിറകിലായി സ്ഥാനം പിടിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ 140 നഗരങ്ങളുടെ പട്ടികയില്‍
134, 136 സ്ഥാനങ്ങളിലായിരുന്നു ഈ പാകിസ്താന് നഗരം. പാകിസ്താന് ഗുരുതരമായ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയം കൂടിയാണിത്.
പടിഞ്ഞാറന്‍ യൂറോപ്പിലെ നഗരങ്ങളാണ് പട്ടികയില്‍ മികച്ച സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ആരോഗ്യസേവനങ്ങള്‍, വിദ്യാഭ്യാസം, സുസ്ഥിരത എന്നിവയില്‍ ലഭിച്ച ഉയര്‍ന്ന പോയന്റുകളാണ് വിയന്നയെ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ പട്ടണമാക്കി മാറ്റിയത്. ഡെന്മാര്ക്കിലെ നഗരമായ കോപ്പന്‍ഹേഗനാണ് രണ്ടാമത്.
സമ്പന്ന രാജ്യങ്ങളില്‍നിന്നുള്ള നഗരങ്ങളാണ് പട്ടികയില്‍ മികച്ച സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. വന്‍ നഗരങ്ങളെക്കാള്‍ ചെറു നഗരങ്ങള്‍ക്കാണ് കൂടുതല്‍ പോയന്റ് ലഭിച്ചത്. ലണ്ടന്‍ 46-ാം സ്ഥാനത്തും ന്യൂയോര്‍ക്ക് 69-ാം സ്ഥാനത്തുമാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല