നിക്ഷേപകര്‍ക്ക് പ്രതീക്ഷ പകരും വിധത്തില്‍ സിബിഒഇ വോളാറ്റിലിറ്റി ഇന്‍ഡക്സ് താഴ്ന്ന റേഞ്ചിലേക്ക് നീങ്ങിയത് യുഎസ് മാര്‍ക്കറ്റിനെ മാത്രമല്ല ഇന്ത്യന്‍ വിപണിയെയും സജീവമാക്കി. ഡൌ ജോണ്‍സ് സൂചിക പത്തുമാസത്തിനിടയിലെ ഏറ്റവും മികച്ച നിലവാരം ദര്‍ശിച്ചപ്പോള്‍ ബോംബെ സെന്‍സെക്സ് 850 പോയിന്റിന്റെ തകര്‍പ്പന്‍ മുന്നേറ്റം കാഴ്ചവച്ചു.
സെന്‍സെക്സ് 16,499 പോയിന്റില്‍ നിന്നുള്ള കുതിപ്പില്‍ വാരാവസാനം 17,113 വരെ കയറി. വ്യാപാരാന്ത്യം സൂചിക 17,083 ലാണ്. മുന്‍വാരത്തില്‍ സൂചിപ്പിച്ച 17,064 ലെ പ്രതിരോധത്തിനു മുകളില്‍ ഇടം കണ്െടത്താനായത് വിപണിയുടെ കരുത്തു വ്യക്തമാക്കുന്നു.
അതേ സമയം 17,200 റേഞ്ചില്‍ തടസം നിലനില്‍ക്കുന്നുണ്ട്. ഈവാരം 17,297 ലെ പ്രതിരോധം ഭേദിക്കാനായാല്‍ 17,512-17,911 ലേക്ക് സൂചിക ചുവടുവയ്ക്കും. ഈറേഞ്ചില്‍ നിന്നുള്ള തിരുത്തലില്‍ വിപണിക്കു താങ്ങ് ലഭിക്കുക 16,683-16,284 റേഞ്ചിലാവും. വിപണിയുടെ ഡെയ്ലി ചാര്‍ട്ട് ബുള്ളിഷ് സോണിലേക്ക് തിരിഞ്ഞു. പിന്നിട്ടവാരത്തിലെ റാലി പക്ഷേ പ്രതിവാര, പ്രതിമാസ ചാര്‍ട്ടുകളില്‍ കാര്യമായ മാറ്റം ഉളവാക്കിയില്ല.
പോയ വാരം ബിഎസ്ഇ സൂചിക 5.2 ശതമാനം മുന്നേറി. നിഫ്റ്റി അഞ്ചു ശതമാനം നേട്ടം സ്വന്തമാക്കി. 4882 റേഞ്ചില്‍ നിന്നുള്ള കുതിപ്പില്‍ 5000 ലെ പ്രതിരോധവും തകര്‍ത്ത് 5141 വരെ നിഫ്റ്റി കയറി. കഴിഞ്ഞവാരം വ്യക്തമാക്കിയ 5154 ലെ സാങ്കേതിക തടസം ഭേദിക്കാന്‍ പക്ഷേ നിഫ്റ്റിക്കായില്ല. വാരാന്ത്യം സൂചിക 5132 ലാണ്. നിഫ്റ്റിയുടെ ആദ്യ തടസം 5221 ലാണ്. ഇത് മറികടന്നാല്‍ 5310-5480 ലേയ്ക്ക് ദീപാവലി വേളയില്‍ സഞ്ചരിക്കാന്‍ ദേശീയ സൂചിക സജ്ജമാവും. ഇതിനായില്ലെങ്കില്‍ 4,962 ലെ ആദ്യ താങ്ങ് നിലനിര്‍ത്താനുള്ള ശ്രമങ്ങളാവും പിന്നെ. അതായത് 4,792-4,703 പോയിന്റിലേക്ക് പരീക്ഷണങ്ങള്‍ക്കു വിപണി നിര്‍ബന്ധിതമാവും.
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപത്തിന് താത്പര്യം കാണിച്ചു. മുന്‍നിര ടെക്കമ്പനിയായ ഇന്‍ഫോസിസിന്റെ തിളക്കമാര്‍ന്ന ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ മുന്നേറ്റത്തിന് ഇരട്ടി വേഗം പകര്‍ന്നു. ജി-20 രാജ്യങ്ങളുടെ യോഗം പിരിഞ്ഞെങ്കിലും ഇതിന്റെ അലയടി ആദ്യ പകുതിയില്‍ യൂറോപ്യന്‍ വിപണികളില്‍ നിലനില്‍ക്കും.
യുഎസ് ഡോളര്‍ ഇന്‍ഡെക്സ് വീണ്ടും സമ്മര്‍ദത്തിലാണ്. 80 ന് മുകളില്‍ പിടിച്ചുനില്‍ക്കാന്‍ സൂചിക ക്ളേശിച്ചത് കണ്ട് പ്രമുഖ നാണയങ്ങള്‍ ഡോളറിനു മുന്നില്‍ പത്തി വിടര്‍ത്താനുള്ള തയാറെടുപ്പിലാണ്. വാരാന്ത്യം ഡോളര്‍ സൂചിക 76.61 ലാണ്. ഇതേ റേഞ്ചില്‍ സപ്പോര്‍ട്ടുണ്െടങ്കിലും ഇത് നഷ്ടപ്പെട്ടാല്‍ 75.50-74.50 ലേയ്ക്ക് സൂചിക താഴും. ഡോളര്‍ സൂചിക തളര്‍ന്നാല്‍ ഫണ്ടുകള്‍ കമ്മോഡിറ്റി മാര്‍ക്കറ്റില്‍ പിടിമുറുക്കും. ഇത് ക്രൂഡ് ഓയിലിനും സ്വര്‍ണത്തിനും നേട്ടമാവും.
ഡൌ സൂചിക 4.88 ശതമാനം വര്‍ധിച്ച് 11,644 ലാണ്. നാസ്ഡാക്കും എസ് ആന്‍ഡ് പി ഇന്‍ഡ്കസും മികവ് പുലര്‍ത്തി. യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ തുടര്‍ച്ചയായ മൂന്നാം വാരവും കരുത്തിലാണ്. അതേസമയം, ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ പലതും വാരാന്ത്യം ചുവപ്പ് അണിഞ്ഞത് നിക്ഷേപകരില്‍ പിരിമുറുക്കം ഉളവാക്കി.
ജപ്പാന്‍, ഹോങ്ങ്കോങ്, ചൈനീസ് മാര്‍ക്കറ്റുകളിലെ തളര്‍ച്ച ഇന്ന് ഇടപാടുകളുടെ തുടക്കത്തില്‍ ചെറിയതോതിലുളള ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമാവാം. ആഗോള സാമ്പത്തിക മേഖലയിലെ മാന്ദ്യമാണ് ഏഷ്യ മാര്‍ക്കറ്റുകള്‍ക്ക് മുന്നിലുള്ള ഭീഷണി.25 ന് റിസര്‍വ് ബാങ്ക് വായ്പാ അവലോകനത്തിന് ഒരുങ്ങുകയാണ്.
പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കൈക്കൊണ്ട നടപടികള്‍ ഫലവത്താവാഞ്ഞ സാഹചര്യത്തില്‍ കേന്ദ്ര ബാങ്ക് ഇനി എന്ത് നീക്കം നടത്തണമെന്ന ആലോചനയിലാണ് ധനമന്ത്രാലയം. പിന്നിട്ട രണ്ട് വര്‍ഷത്തിനിടയില്‍ 12 തവണ ആര്‍ ബി ഐ പലിശ നിരക്കുകള്‍ ഉയര്‍ത്തി. പണപ്പെരുപ്പം കുതിക്കുന്നതിനൊപ്പം എണ്ണ ഇറക്കുമതി ചെലവും മുന്നേറുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 87 ഡോളറിലാണ്.
രൂപയുടെ വിനിമയ നിരക്കാവട്ടെ 49 റേഞ്ചിലും. രൂപ 52 ലേക്ക് ഇടിയാനുള്ള സാധ്യതയാണ് സാമ്പത്തിക മേഖലയില്‍ ഉരുതിരിയുന്നത്. ദീപാവലി സമ്മാനം കണക്കെ രൂപയ്ക്ക് താങ്ങ് പകരുന്ന പ്രഖ്യാപനത്തിന് ആര്‍ബിഐ തയാറായില്ലെങ്കില്‍ പണപ്പെരുപ്പതോത് ഉയരുക തന്നെ ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല