സ്വന്തം ലേഖകന്‍: തീവ്രവാദ ഭീഷണി, ഇന്ത്യക്ക് ആറാം സ്ഥാനം, രാജ്യം ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തുന്നത് ഇതാദ്യം. ആഗോള തീവ്രവാദത്തിന്റെ ദോഷം ഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്ന രാജ്യങ്ങളെ കണ്ടെത്തുന്ന ഗ്ലോബല്‍ ടെററിസം ഇന്‍ഡെക്‌സ് 2015 ന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ ഇന്ത്യ ആറാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെ അടിസ്ഥാനമാക്കി നിര്‍മിച്ച റിപ്പോര്‍ട്ട് പ്രകാരം ഐസിസ്, ബൊക്കോ ഹറാം എന്നീ ഭീകരസംഘടനകളാണ് ലോകത്ത് ഏറ്റവും അധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
ഇതാദ്യമായിട്ടാണ് തീവ്രവാദത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തുന്നത്. അയല്‍രാജ്യമായ പാകിസ്താനും തീവ്രവാദത്തിന്റെ ഇരകളില്‍ ആദ്യ പത്തിലുണ്ട്. നാലാം സ്ഥാനത്താണ് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ തീവ്രവാദി ആക്രമണങ്ങള്‍ മൂലമുള്ള മരണത്തില്‍ 1.4 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി.
ഇന്ത്യയില്‍ 416 പേരാണ് 2014 ല്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 2010 ന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയും അധികം പേര്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ എന്നീ സംഘടനകളാണ് ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം ആശങ്കപ്പെടുത്തുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല