ലോകത്തിലെ ആദ്യത്തെ മൂന്ന് മാതാപിതാക്കളുള്ള കുഞ്ഞിന് യുകെ ജന്മ ഭൂമിയാകും. മൂന്ന് പേര്‍ ചേര്‍ന്ന് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ അനുവദിക്കുന്ന നിയമം ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയതോടെയാണിത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 2016 ആദ്യം മൂന്ന് മാതാപിതാകളുള്ള കുഞ്ഞ് ജനിക്കുമെന്ന് കരുതപ്പെടുന്നു.
പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 280 എംപിമാര്‍ നിയമത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. 48 പേര്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിനെ എതിര്‍ത്തു. ഹൗസ് ഓഫ് കോമണ്‍സ് നേരത്തെ തന്നെ നിയമം പാസാക്കിയിരുന്നു. വോട്ടെടുപ്പില്‍ 128 എംപിമാര്‍ നിയമത്തെ എതിര്‍ത്തപ്പോള്‍ 382 എംപിമാര്‍ നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തു.
മാതാവിന്റെ ശരീര കോശങ്ങളില്‍ പാരമ്പര്യ രോഗങ്ങള്‍ വഹിക്കുന്ന മൈറ്റോകോണ്ട്രിയയുടെ സാന്നിധ്യ ഉള്ള സാഹചര്യത്തില്‍ മൂന്നാമതൊരു സ്ത്രീയുടെ മൈറ്റോകോണ്ട്രിയ ഉപയോഗിച്ച് ഗര്‍ഭധാരണത്തിന് ശ്രമിക്കാന്‍ പുതിയ നിയമം അനുവാദം നല്‍കുന്നു. വൈദ്യ ശാസ്ത്രപരമായി സങ്കീര്‍ണമെങ്കിലും ഒരു കാര്‍ ബാറ്ററി മാറ്റുന്നതിന് സമാനമായ പ്രക്രിയയാണിത്.
കുട്ടികള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് അത് നിഷേധിക്കുന്നത് ക്രൂരവും വൈകൃതവുമാണെന്ന് ആരോഗ്യമന്ത്രി ഏള്‍ ഹോവ് അഭിപ്രായപ്പെട്ടു. കുടുംബങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുകയാണ് നിയമം പാസാക്കുന്നതിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് എന്ന് പാരമ്പര്യ രോഗങ്ങളാല്‍ ഗര്‍ഭധാരണ പ്രശ്‌നങ്ങളുള്ളവരെ സഹായിക്കുന്ന സംഘടനയായ ജനറ്റിക് അലയന്‍സ് യുകെ ചാരിറ്റി തലവന്‍ അലിസ്റ്റര്‍ കെന്റ് പറഞ്ഞു.
ന്യൂകാസിലിലെ ഒരു സംഘം ഗവേഷകര്‍ ലോകത്തിലെ ആദ്യ മൂന്നു മാതാപിതാക്കളുള്ള കുഞ്ഞിനു വേണ്ടിയുള്ള പരിശ്രമത്തിലാണ്. നിലവില്‍ യുകെയില്‍ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലും ഈ സമ്പ്രദായം നിയമ വിരുദ്ധമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല