സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വേഗമേറിയ തീവണ്ടി പരീക്ഷണ ഓട്ടം തുടങ്ങി. മണിക്കൂറില്‍ 603 കിലോമീറ്ററാണ് ജപ്പാന്‍ റയില്‍വേ കമ്പനിയുടെ ഉടംസ്ഥതയിലുള്ള തീവണ്ടിയുടെ പരമാവധി വേഗത. ഇതോടെ കമ്പനിയുടെ തന്നെ മറ്റൊരു തീവണ്ടിയുടെ മണിക്കൂറില്‍ 590 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡും പഴങ്കഥയായി.
ജപ്പാനിലെ യാമാനാഷി ലൈനില്‍ ഒരു പരീക്ഷണ ഓട്ടത്തിലാണ് പുതിയ തീവണ്ടി റെക്കോര്‍ഡ് മറികടന്നത്. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കയെങ്കിലും ഇത്രയും വേഗത താങ്ങാന്‍ കെല്‍പ്പുള്ള ട്രാക്കും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കേണ്ടതിനാല്‍ 2027 ല്‍ മാത്രമേ ഈ തീവണ്ടി പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗം ആവുകയുള്ളു.
ഇപ്പോള്‍ പണി നടന്നു കൊണ്ടിരിക്കുന്ന ടോക്യോ, നഗോയ ലൈനിലാണ് പുതിയ ഇടിമിന്നല്‍ തീവണ്ടി ചീറിപ്പായുക. 47 മില്യണ്‍ ഡോളറാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. ജപ്പാനിലെ പൊതുഗതാഗതം മെച്ചപ്പെടുത്തിന്നതിനോടൊപ്പം മറ്റു രാജ്യങ്ങളിലേക്ക് അതിവേഗ തീവണ്ടികളും സാങ്കേതിക വിദ്യയും കയറ്റുമതി ചെയ്യാനും ജപ്പാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
അമേരിക്ക ജപ്പാന്റെ അതിവേഗ തീവണ്ടികള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അഞ്ചു വര്‍ഷം മുമ്പ് അന്നത്തെ കാലിഫോര്‍ണിയ ഗവര്‍ണറും ഹോളിവുഡ് സൂപ്പര്‍താരവുമായ ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ ഇത്തരമൊരു തീവണ്ടിയില്‍ യാത്ര നടത്തിയിരുന്നു.
ചക്രങ്ങള്‍ പാളങ്ങളില്‍ സ്പര്‍ശിക്കാതെ മുന്നോട്ടു കുതിക്കുന്ന കാന്തിക സാങ്കേതിക വിദ്യയാണ് ഇത്തരം തീവണ്ടികളില്‍ ഉപയോഗിക്കുന്നത്. ഓടിത്തുടങ്ങി ആവശ്യമായ വേഗതയാര്‍ജ്ജിക്കും വരെ ഇവ ചക്രങ്ങളില്‍ ഓടുകയും തുടര്‍ന്ന് പാളങ്ങള്‍ സ്പര്‍ശിക്കാതെ മുന്നോട്ടു കുതിക്കുകയും ചെയ്യും. പാളങ്ങളും ചക്രങ്ങളും തമ്മിലൂള്ള ഘര്‍ഷണം ഇല്ലാതാക്കാന്‍ കഴിയുന്നതിനാല്‍ പരമാവധി വേഗതയാര്‍ജിക്കാം എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ നേട്ടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല