സ്വന്തം ലേഖകന്‍: തലമാറട്ടെ! ലോകത്തിലെ ആദ്യത്തെ തലമാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറെടുത്ത് ശാസ്ത്രലോകം. ഇറ്റാലിയന്‍ ന്യൂറോസര്‍ജ്ജന്‍ ഡോ. സെര്‍ജിയോ കനാവെറോയാണ് ചരിത്രത്തില്‍ ആദ്യത്തെ തലമാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുന്നത്. റഷ്യക്കാരാനായ വലേറി സ്പിരിദോനോവിന്റെ തലയാണ് മാറ്റിവക്കുന്നത്.
കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ വലേറി, വെര്‍ഡിങ് ഹോഫ്മാന്‍ എന്ന ജനിതക രോഗ ബാധിതനാണ്. ശരീരത്തിലെ പേശികളും ഞരമ്പ് കോശങ്ങളും നശിക്കുന്ന രോഗമാണിത്. വീല്‍ ചെയറില്‍ കഴിയുന്ന 31 കാരനായ വലേറിയുടെ ശരീരം നാള്‍ക്കുനാള്‍ ശോഷിച്ചുവരികയാണ്. ഈ സ്ഥിതിയില്‍ ശരീരം മാറ്റുക എന്നത് മാത്രമാണ് തന്റെ മുന്നിലുള്ള മാര്‍ഗ്ഗം എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടാണ് ഇത്തരമൊരു ശസ്ത്രക്രിയയ്ക്ക് തയ്യാറായതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഇറ്റാലിയന്‍ ഡോക്ടറായ സെര്‍ജിയോ കനാവെറോയോടൊപ്പം ചൈനീസ് സര്‍ജ്ജന്‍ സിയാവോ പിങ്ങ് റെന്നും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ളവരാണ് ഇവര്‍ രണ്ടുപേരും. എന്നാല്‍ മനുഷ്യരിലല്ല, മൃഗങ്ങളിലാണെന്നു മാത്രം.
കുരങ്ങില്‍ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് കനാവെറോ. ഈ ശസ്ത്രക്രിയ വിജയമായിരുന്നെന്നാണ് കനാവെറോ വെളിപ്പെടുത്തിയത്. എന്നാല്‍ വൈദ്യശാസ്ത്രം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എലികളിലും കാനാവെറോ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. കൈമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് സിയാവോ പിങ്ങ്. പന്നികളുടെ കൈകാലുകള്‍ മാറ്റിവെച്ചാണ് അദ്ദേഹം ഇതില്‍ പരിചയം നേടിയത്.
മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ശരീരത്തിലേയ്ക്ക് വലേറി സ്പിരിദോനോവിന്റെ തല മാറ്റിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി വലേറിയുടെ തലയുമായി യോജിക്കുന്ന ശരീരം കിട്ടേണ്ടതുണ്ട്. വലേറിയുടെ ശിരസ്സ് പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിച്ച ശേഷമാകും ശസ്ത്രക്രിയ. തലയിലെ കോശങ്ങള്‍ നശിക്കാതിരിക്കുന്നതിനാണ് ഇത്.
150 വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ശസ്ത്രക്രിയയ്ക്കായി വേണ്ടിവരും. അറുപത് കോടി മുതല്‍ അറുനൂറ് കോടിവരെ രൂപ ഇതിനായി ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അമേരിക്കയ്ക്ക് പുറത്തുള്ള ഡോക്ടര്‍മാരുടെ ഒരു സംഘം ഇതിനുള്ള ചെലവ് നിര്‍വ്വഹിക്കുമെന്ന് ഡോ. കനാവെറോ പറയുന്നു.
ഇത്തരമൊരു ശസ്ത്രക്രിയയ്ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ നിയമസാധുത ഇല്ലാത്തതിനാല്‍ അമേരിക്കയ്ക്കും യൂറോപ്പിനും പുറത്തുള്ള ഏതെങ്കിലും രാജ്യത്തായിരിക്കും ശസ്ത്രക്രിയ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം നിരവധി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് എതിരായി രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല