സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഡെന്മാര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 20 ലോക സന്തോഷ ദിവസമായി ആഘോഷിക്കുന്നതിന്റെ ഭാഗമായണ് ഡെന്മാര്‍ക്കിനെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സ്ഥലമായി പ്രഖ്യാപിച്ചത്. ലോക സന്തോഷ ദിവസത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ പുറത്തിറിക്കിയ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടിലാണ് പ്രഖ്യാപനം.
സന്തോഷ പട്ടികയിലെ ഭൂരിപക്ഷം രാജ്യങ്ങളും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളാണ്. നോര്‍വെയാണ് ഡെന്മാര്‍ക്കിനു തൊട്ടു പിന്നില്‍. മൂന്നാം സ്ഥാനം സ്വിറ്റ്‌സര്‍ലന്‍ഡും നാലാം സ്ഥാനം നെതര്‍ലന്‍ഡ്‌സും കര്‍സ്ഥമാക്കി. സ്വീഡനാണ് അഞ്ചാം സ്ഥാനം. ബ്രിട്ടണ് ആദ്യ പത്തില്‍ സ്ഥാനം പിടിക്കാനായില്ല. ഇന്ത്യയുളപ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളാകട്ടെ പട്ടികയുടെ പരിസരത്തൊന്നും തന്നെയില്ല.
ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, മികച്ച ദേശീയ വരുമാന സൂചിക, സാമൂഹിക സുരക്ഷ, സ്വാതന്ത്ര്യം, കാരുണ്യം, ജീവിതത്തില്‍ സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം, കുറഞ്ഞ അഴിമതി നിരക്ക് എന്നിവയാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ സന്തോഷപ്പട്ടികയില്‍ മുന്നിലെത്തിക്കുന്ന കാര്യങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നത്. റിപ്പോര്‍ട്ടില്‍ ശേഖരിച്ച വിവരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ രാജ്യങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക പുരോഗതിക്ക് ഉപകരിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ പ്രതീക്ഷ.
ലോകമെങ്ങുമുള്ള മനുഷ്യരുടെ ജീവിത ലക്ഷ്യം സന്തോഷം കണ്ടെത്തുകയാണെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് 20 ലോക സന്തോഷ ദിവസമായി ആഘോഷിക്കുന്നത്. സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്കാണ് ഐക്യരാഷ്ട്ര സഭക്കു വേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്തായാലും അടുത്ത തവണ സ്‌കാന്‍ഡിനേവിയ വഴി സഞ്ചരിക്കുന്നവര്‍ ഓര്‍ക്കുന, നിങ്ങളിപ്പോള്‍ യാത്ര ചെയ്യുന്നത് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൂടെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല