സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതി ഇമാന്‍ അഹമ്മദ് ഇന്ത്യയോട് വിട പറഞ്ഞ് അബുദാബിയില്‍, ഒരു വര്‍ഷത്തിനുള്ളില്‍ ഇമാന് നടക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍. അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയിലാണ് ഇമാന്റെ തുടര്‍ന്നുള്ള ചികില്‍സകള്‍ നടക്കുന്നത്. ഈജിപ്ത് എയറിന്റെ പ്രത്യേക വിമാനത്തിലാണ് ഇമാനെ മുംബൈയില്‍ നിന്ന് അബുദാബിയില്‍ എത്തിച്ചത്.
ബുര്‍ജീല്‍ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘവും ഇമാനൊപ്പം ഉണ്ടായിരുന്നു. പ്രത്യേകം തയാറാക്കിയ ആംബുലന്‍സില്‍ പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും അകന്പടിയോടെയാണ് അബുദാബി വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ ഇമാനെ പ്രാഥമിക പരിശോധനകള്‍ക്ക് വിധേയയാക്കി.
ഒരു വര്‍ഷമെങ്കിലും വേണ്ടി വരും ഇമാനെ സാധാരണ രീതിയിലേക്ക് കൊണ്ടുവരാനെന്നാണ് ബുര്‍ജീല്‍ ആശുപത്രി അധികൃതരുടെ വിലയിരുത്തല്‍. ചികില്‍സയ്ക്ക് ശേഷം ഇമാന് തനിയെ നടന്ന് പോകാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു ഇരുപത് വിദ്ഗദ ഡോക്ടര്‍മാരുടെ സംഘത്തെയാണ് ഇമാനെ പരിശോധിക്കുന്നതിനും തുടര്‍ ചികില്‍സകയ്ക്കുമായി നിയോഗിച്ചിട്ടുള്ളത്.
ഈ ദിവസങ്ങളില്‍ ഇമാനെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷമായിരിക്കും ചികില്‍സ ആരംഭിക്കുക. ഫെബ്രുവരി പതിനൊന്നിനാണ് അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ചികില്‍സയ്ക്കായി ഇമാനെ ഈജിപ്തില്‍ നിന്ന് മുംബൈയിലെ സൈഫി ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇമാന്റെ തൂക്കം കുറഞ്ഞതായുള്ള ആശുപത്രി അധികൃതരുടെ അവകാശവാദം തട്ടിപ്പാണെന്ന ആരോപണവുമായി ഇമാന്റെ സഹോദരി രംഗത്തെത്തിയതോടെ പ്രശ്‌നം വഷളാകുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല