1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2017

 

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിത തടി കുറക്കാനുള്ള പ്രത്യേക ചികിത്സക്കായി ഇന്ത്യയിലെത്തി. 500 കിലോ ശരീര ഭാരവുമായി ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീയെന്ന വിശേഷണം സ്വന്തമാക്കിയ ഇമാന്‍ അഹ്മദാണ് ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ പ്രത്യേക കാര്‍ഗോ എയര്‍ബസ് വിമാനത്തിലാണ് ഈജിപ്തില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയത്. ഭാരം കുറയ്ക്കുന്നതിനുള്ള പ്രത്യേകചികിത്സയ്ക്കായാണ് 500 കിലോ ഭാരമുള്ള ഇമാന്‍ എത്തിയിരിക്കുന്നത്.

മുഴുവന്‍ ഭാരവും ഒരുഭാഗത്ത് കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ വിമാനത്തില്‍ ഒരുക്കിയിരുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇവരെ ഒരു കാര്‍ഗോ ലിഫ്റ്റ് ഉപയോഗിച്ച് ആംബുലന്‍ലിലേക്കും തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുന്ന ചര്‍ണി റോഡിലെ സൈഫീ ആശുപത്രിയിലേക്കും മാറ്റി.

ഇമാന്റെ ശസ്ത്രക്രിയക്കായ് നേരത്തേ ആശുപത്രി വളപ്പില്‍ താത്കാലികമായി ഒരു കെട്ടിടം പണിതിരുന്നു. എന്നാല്‍ അനുമതിയില്ലാതെയാണ് നിര്‍മ്മാണമെന്ന് ആരോപിച്ച് കോര്‍പ്പറേഷന്‍ അധികാരികള്‍ ഇത് പൊളിച്ചുകളഞ്ഞു. ഇതിന് തൊട്ടടുത്തായി മറ്റൊരു കെട്ടിടം ഇപ്പോള്‍ പണിതുകൊണ്ടിരിക്കുകയാണ്.

ഈ താത്കാലിക ആശുപത്രിയിലാവും ഇവരുടെ ശസ്ത്രക്രിയ എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സൈഫീ ആശുപത്രി സ്ഥിരീകരിച്ചിട്ടില്ല. ബാരിയാട്രിക് സര്‍ജന്‍ ഡോ. മുഫാസല്‍ ലക്ഡവാലയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. കഴിഞ്ഞ 25 വര്‍ഷമായി ഇമാന്‍ അഹ്മദ് കെയ്‌റോവിലെ തന്റെ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്.

തന്റെ അമിത ഭാരമുള്ള ശരീരം കാരണം കട്ടിലില്‍ നിന്ന് ഇറങ്ങാനോ, കട്ടിലില്‍ തന്നെ ഒന്ന് തിരിഞ്ഞു കിടക്കാനോ ഇവര്‍ക്ക് പറ്റില്ല. ഭക്ഷണം കഴിപ്പിക്കുക, വസ്ത്രം മാറ്റുക, വൃത്തിയാക്കുക തുടങ്ങി ഇമാന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അവരുടെ മാതാവും സഹോദരിയും ചേര്‍ന്നാണ്.

അഞ്ചു കിലോ ഭാരവുമായാണ് ഇമാന്‍ ജനിച്ചത്. ജനിച്ചപ്പോഴേ എലിഫന്റിയാസിസ് അഥവാ മന്ത് എന്ന രോഗമുണ്ടായിരുന്നതിനാല്‍ കൈകാലുകള്‍ നന്നായി വീര്‍ത്തിരിക്കുന്നുണ്ടായിരുന്നു. കൂടാതെ ഈമാന്റെ ഗ്രന്ധികളില്‍ പൊട്ടലിലുകള്‍ ഉള്ളതിനാല്‍ ശരീരം കൂടുതല്‍ വെള്ളം ശേഖരിച്ചു വയ്ക്കുമെന്ന് ഡോക്ടര്‍മാരും പറഞ്ഞു.

ആദ്യമൊക്കെ കുട്ടികളുടേത് പോലെ കയ്യുകള്‍ ഉപയോഗിച്ച് ഇമാന്‍ നീങ്ങുമായിരുന്നു. എന്നാല്‍ പിന്നീട് ശരീര ഭാരം താങ്ങാനാകാതെ വന്നപ്പോള്‍, വീടിനകത്തു മാത്രം ഇഴഞ്ഞു നീങ്ങാന്‍ തുടങ്ങി. സെറിബ്രല്‍ സ്‌ട്രോക്ക് കൂടി വന്നതോടെ കിടപ്പായി. അന്ന് മുതല്‍ ഇമാന്‍ തന്റെ മുറിയില്‍ ഒന്നും ചെയ്യാനാവാതെ കിടപ്പിലാണ്.

ഇതേത്തുടര്‍ന്ന് പ്രമേഹം, ആസ്ത്മ, ഉയര്‍ന്ന രക്തസമ്മര്‍ദം, ശ്വാസകോശ സംബന്ധമായ അസുഖം, വിഷാദരോഗം എന്നിവയെല്ലാം ഇവരെ അലട്ടുന്നുണ്ട്. ശസ്ത്രക്രിയയും തുടര്‍ ചികിത്സയുമെല്ലാം സൗജന്യമാണ് നടത്തുന്നത്. ആറുമാസമെങ്കിലും ഇവര്‍ക്ക് ഇവിടെ കഴിയേണ്ടിയും വരും.
അലക്‌സാണ്ട്ര്യയിലെ ബോര്‍ഗ് എല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇമാന്‍ യാത്ര പുറപ്പെട്ടത്.

തികച്ചും സൗജന്യമായി നടക്കുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം 36 കാരിയായ ഇമാന്‍ ആറു മാസം ആശുപത്രിയില്‍ കിടക്കേണ്ടിവരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.