സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീ മൂന്നാഴ്ച കൊണ്ട് കുറച്ചത് 108 കിലോ തൂക്കം. ചികിത്സക്കായി മുംബൈയിലെത്തിയ ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഇമാന്‍ അഹമ്മദിനാണ് അതിശയകരമായ മാറ്റം. ചികിത്സ തുടങ്ങിയപ്പോള്‍ 500 കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്ന ഈ ഈജിപ്ഷ്യന്‍ സ്വദേശിനിക്ക് മൂന്നു ആഴ്ച കൊണ്ട് കുറക്കാനായത് 108 കിലോയോളം തൂക്കം. ഇമാന്‍ അഹമ്മദിന്റെ ഭാരം ഇപ്പോള്‍ 380 കിലോ ആയി ചുരുങ്ങിയതായി ഡോക്ടര്‍മാരും ശരിവക്കുന്നു.
25 വര്‍ഷത്തിന് ശേഷം ഇമാന്‍ അഹമ്മദിന് സ്വന്തമായി ഇരിക്കാനും എഴുന്നേല്‍ക്കാനും ഇപ്പോള്‍ സാധിക്കും. ദിവസവും രണ്ടു കിലോ വെച്ച് 25 ദിവസത്തിനുള്ളില്‍ 50 കിലോ കുറക്കാനായിരുന്നു ഡോക്ടര്‍മാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തങ്ങളെ അതിശയപ്പെടുത്തി ലക്ഷ്യമിട്ടതിനേക്കാളും ഇരട്ടിയിലധികം ഭാരം ഇമാന്‍ അഹമ്മദിന് കുറയ്ക്കാനായെന്ന് ഇവരെ ചികിത്സിക്കുന്ന മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ ഡോക്ടറായ മുഫസല്‍ ലകഡാവാല പറഞ്ഞു.
ഇമാന്‍ അഹമ്മദിന്റെ ശരീരത്തില്‍ ജലത്തിന്റെ അളവ് ധാരാളമുണ്ടായിരുന്നു. ഫിസിയോതെറാപ്പിയിലൂടെ അത് കുറച്ചു. ബാരിയാട്രിക് ശസ്ത്രക്രിയക്കായി ഇപ്പോള്‍ അവര്‍ തയ്യാറായെന്നും ഡോക്ടര്‍ അറിയിച്ചു. ശസ്ത്രക്രിയ ഉടന്‍ ഉണ്ടാകും, മരുന്നുകള്‍ ഉപയോഗിച്ച് ഭാരം കുറക്കുന്നതിനായി ഞങ്ങള്‍ ഒരുപാട് ശ്രമിച്ചു. എന്നാല്‍ മരുന്നുകള്‍ക്ക് ഒരു പരിധിവരെ മാത്രമെ അതിനു സാധിക്കൂ, ശസ്ത്രക്രിയയിലൂടെ ഞങ്ങളുടെ ലക്ഷ്യത്തിന് പൂര്‍ത്തീകരണമുണ്ടാകുമെന്നും ഡോ. മുഫസല്‍ ലകഡാവാല പ്രത്യാശ പ്രകടിപ്പിച്ചു.
പൊതുജനങ്ങളില്‍ നിന്നായി 60 ലക്ഷത്തോളം പിരിച്ചെടുത്താണ് സെയ്ഫി ആശുപത്രി ഇമാന്‍ അഹമ്മദിന്റെ ചികിത്സ നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല