സ്വന്തം ലേഖകന്‍: കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ വരുന്നു, ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം. പാലത്തിന്റെ കമാനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. റിയാസി ജില്ലയിലെ കൗറി ഗ്രാമത്തില്‍ രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് നദീതടത്തില്‍നിന്ന് 359 മീറ്ററാണ് ഉയരം. 2019 മേയില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കുന്നു.
കശ്മീര്‍ റെയില്‍വേ പദ്ധതിയുടെ ഭാഗമായ ഉദ്ദംപുര്‍ ശ്രീനഗര്‍ ബാരാമുള്ള പാതയിലെ കത്ര മുതല്‍ ബനിഹാല്‍ വരെയുള്ള 111 കിലോ മീറ്റര്‍ ദൂരത്തിലെ പ്രധാന ഭാഗമാണ് ഈ പാലം. 1.3 കി.മീ നീളമുള്ള പാലത്തിന് 1250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പകുതിയിലേറെ ജോലികള്‍ പൂര്‍ത്തിയായി. 1300 ജോലിക്കാരും 300 എന്‍ജിനീയര്‍മാരും വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും ജോലി ചെയ്യുന്നു.
2004 ല്‍ തുടങ്ങിയ പാലത്തിന്റെ പണി 2008 ല്‍ നിര്‍ത്തിവച്ചിരുന്നു. ഈ ഭാഗത്തെ അതിശക്തമായ കാറ്റില്‍ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചു സംശയം ഉയര്‍ന്നതോടെയാണു പണി നിര്‍ത്തിയത്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 90 കിലോമീറ്ററിനു മുകളിലെത്തുമ്പോള്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാമെന്ന ധാരണയില്‍ പണി പുനരാരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല