സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പല്‍ പരീക്ഷണ പറക്കലില്‍ തകര്‍ന്നു വീണു. രണ്ടാം പരീക്ഷണപ്പറക്കല്‍ നടത്തിയ എയര്‍ലാന്‍ഡര്‍ 10 എന്ന ഭീമന്‍ ആകാശ കപ്പലാണ് ലാന്‍ഡിംഗിന് ഏതാനും മിനിറ്റുകള്‍ക്കു മുമ്പ് ടെലിഗ്രാഫ് പോസ്റ്റില്‍ തട്ടി നിലത്തുവീണത്. കിഴക്കന്‍ ഇംഗ്ലണ്ടിലെ കാര്‍ഡിംഗ്ടണ്‍ എയര്‍ഫീല്‍ഡിലാണ് സംഭവം.
ആറ് ഡബിള്‍ഡക്കര്‍ ബസുകളുടെ വലുപ്പം, വലിയ ജെറ്റ് വിമാനത്തേക്കാള്‍ വലുപ്പം, വിവിധ വാഹനങ്ങളുടെ സമ്മിശ്ര രൂപം എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള ആകാശക്കപ്പലാണ് എയര്‍ലാന്‍ഡര്‍. മൂക്കു കുത്തി നിലത്ത് പതിച്ചതിനാല്‍ കപ്പലിന് സാരമായ തകരാര്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കപ്പല്‍ നന്നായി പറന്നുവെന്നും നിലത്തിറങ്ങിയപ്പോള്‍ മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചതെന്നും ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് (എച്ച്എവി) അറിയിച്ചു. എയര്‍ലാന്‍ഡറിന്റെ നിര്‍മാതാക്കളാണ് എച്ച്എവി. 3.3 കോടി ഡോളറാണ് പേടകത്തിന്റെ നിര്‍മാണച്ചെലവ്. ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പേടകത്തിലുണ്ടായിരുന്നു ജീവനക്കാര്‍ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.
അമേരിക്കന്‍ സേനയ്ക്ക് ആകാശനിരീക്ഷണത്തിനുവേണ്ടി വികസിപ്പിച്ചെടുത്തതാണ് എയര്‍ലാന്‍ഡര്‍. ആദ്യം മാര്‍ത്താ ഗൈ്വന്‍ എന്നായിരുന്നു പേരു നല്കിയത്. എന്നാല്‍, പ്രതിരോധമേഖലയിലെ ചെലവുചുരുക്കലിന്റെ ഭാഗമായി എയര്‍ലാന്‍ഡര്‍ പദ്ധതി അമേരിക്ക ഉപേക്ഷിച്ചു. പിന്നീട് ഇംഗ്ലണ്ട് ഇത് ഏറ്റെടുക്കുകയായിരുന്നു.
വിമാനം, ഹെലികോപ്റ്റര്‍, കപ്പല്‍ എന്നിവയുടെ സമ്മിശ്ര രൂപമായ എയര്‍ലാന്‍ഡറിന് 92 മീറ്റര്‍ നീളമുണ്ട്. ഏറ്റവും വലിയ യാത്രാ ജെറ്റ് വിമാനങ്ങളേക്കാളും 15 മീറ്റര്‍ അധികമാണിത്. പരമാവധി വേഗം മണിക്കൂറില്‍ 92 കിലോമീറ്റര്‍. പേടകത്തിന്റെ ഇന്ധനം ഹീലിയം വാതകമാണ്. 17ന് ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ഇപ്പോഴുള്ള അപകടം നിര്‍മാതാക്കളെ ഞെട്ടിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല