സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറി നോയിഡയില്‍; ഉദ്ഘാടനം പ്രധാനമന്ത്രി മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും ചേര്‍ന്ന്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സാംസംഗിന്റെ നവീകരിച്ച പ്ലാന്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്.
നിലവിലുള്ള സാംസംഗിന്റെ നിര്‍മ്മാണ യൂണിറ്റിനോട് അനുബന്ധിച്ചാണ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. 4915 കോടി രൂപ മുടക്കിയാണ് സാംസംഗ് പുതിയ പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ 67 മില്യണ്‍ സ്മാര്‍ട്ട് ഫോണുകളാണ് സാംസംഗ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഇത് 120 മില്യണായി ഉയര്‍ത്താനാണ് പുതിയ തീരുമാനം.
ഇരുരാജ്യങ്ങളുടെയും വാണിജ്യരംഗത്തിന് പുതിയ ഫാക്ടറി മുതല്‍ക്കൂട്ടാകുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മൂണ്‍ ജെ ഇന്‍ പറഞ്ഞു. രണ്ടായിരം വര്‍ഷം മുന്‍പ് തന്നെ ഇന്ത്യയുമായി വ്യാപാരം നടത്തിയിരുന്ന കൊറിയയുടെ വ്യാപാര ചരിത്രം ഉദ്ഘാടനച്ചടങ്ങില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഓര്‍മിപ്പിച്ചു.
ലോകോത്തര കമ്പനിയായ സാംസങ്ങിന്റെ ഗവേഷണവികസന വിഭാഗം ഇന്ത്യയിലാണ് എന്നതിനൊപ്പം കമ്പനിയുടെ ഏറ്റവും വലിയ ഫാക്ടറിയും ഇന്ത്യയിലെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2014 നു ശേഷം മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് മാത്രം ഇന്ത്യയില്‍ നാലു ലക്ഷം തൊഴിലവസരങ്ങളുണ്ടായതായി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. . പരോക്ഷമായി 35,000 തൊഴിലവസരങ്ങളാണ് പുതിയ ഫാക്ടറിയിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല