സ്വന്തം ലേഖകന്‍: അന്യഗ്രഹ ജീവികളെ നോട്ടമിട്ട് ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ് ചൈനയില്‍ തുറന്നു. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ് എന്ന പെരുമയുമായി ദക്ഷിണ ഗുയിഷു പ്രവിശ്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ടെലിസ്‌കോപിന്റെ വ്യാസം 500 മീറ്ററാണ്.
ഫാസ്റ്റ്(ഫൈവ് ഹണ്‍ഡ്‌റഡ് മീറ്റര്‍ അപ്പെര്‍ച്വര്‍ സ്‌ഫെറിക്കല്‍ റേഡിയോ ടെലസ്‌കോപ്) എന്നറിയപ്പെടുന്ന ടെലിസ്‌കോപിന് 4450 പാനല്‍ റിഫ്‌ളറക്ടറുകളുണ്ട്. 18കോടി രൂപ മുടക്കി 2011ലാണു നിര്‍മ്മാണം തുടങ്ങിയത്.
സ്വര്‍ഗനേത്രം എന്നു വിളിപ്പേരുള്ള ടെലിസ്‌കോപിന്റെ പ്രധാനദൗത്യം പ്രപഞ്ച വികസനത്തിന്റെ നിയമങ്ങള്‍ കണ്ടെത്തുകയാണ്. അന്യഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോ എന്നതു സംബന്ധിച്ചും പഠനം നടത്തും.എട്ടു ഗ്രാമങ്ങളിലെ പതിനായിരത്തിലധികം പേരെ ഒഴിപ്പിച്ചുമാറ്റിയശേഷമാണ് ടെലിസ്‌കോപ് സ്ഥാപിച്ചത്. ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമോ പുതിയ വീടോ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം.
30 ഫുട്ബാള്‍ മൈതാനങ്ങളുടെ വലുപ്പമാണ് ഈ റേഡിയോ ടെലിസ്‌കോപ്പിനുള്ളത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ മേല്‍നോട്ടത്തില്‍ നാഷനല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേഷനാണ് ടെലിസ്‌കോപ് രൂപകല്‍പന ചെയ്തത്.
ലോകരാജ്യങ്ങള്‍ക്കിടയില്‍ ബഹിരാകാശ ശക്തിയായി വളരാനുള്ള ചൈനയുടെ ത്വരയാണ് ഭീമന്‍ റേഡിയോ ടെലിസ്‌കോപ് എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് എത്തിച്ചതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞിരുന്നു. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനും 2036 ഓടെ സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കാനും ചൈനക്ക് പദ്ധതിയുണ്ട്.
കെപ്ലര്‍ ടെലിസ്‌കോപ് ഉപയോഗിച്ച് നാസ ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടത്തെിയതോടെയാണ് ചൈന റേഡിയോ ടെലിസ്‌കോപ്പ് എന്ന ആശയവുമായി എത്തിയത്. 1400 പ്രകാശവര്‍ഷം അകലെ ഭൂമിക്ക് സമാനമായ ഗ്രഹം നാസ കണ്ടത്തെിയത് കെപ്ലര്‍ 42 ബി ടെലിസ്‌കോപ് ഉപയോഗിച്ചായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല