സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട് എന്ന പേരില്‍ ആള്‍ത്താമസമില്ലാത്ത ഒരു ദ്വീപിലെ വെള്ളനിറത്തിലുള്ള വീട് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഈ വീടിനു പുറകിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ലോകത്തിലെ ഏകാന്തമായ വീടെന്നും അന്തര്‍മുഖിയായ മനുഷ്യന്റെ വീട് എന്നുമൊക്കെ പറഞ്ഞാണ് പലരും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്.
ഐസ്‌ലന്‍ഡിലെ തെക്കുഭാഗത്തുള്ള ഒറ്റപ്പെട്ട ദ്വീപായ എല്ലിഡേയില്‍ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നതെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഒരുകാലത്ത് അഞ്ചോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന പ്രദേശമാണ് ഇതെന്നും 1930ല്‍ കുടുംബങ്ങളെല്ലാം അവിടെ നിന്നു മാറിത്താമസിച്ചതോടെ ദ്വീപില്‍ ആളനക്കമില്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വീടിന്റെ ഉടമസ്ഥതയെച്ചൊല്ലിയും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഐസ്‌ലന്‍ഡിലെ പ്രശസ്ത ഗായകനായ ജോര്‍ക്കിന്റെ വീടാണ് എന്നതായിരുന്നു അവയിലൊന്ന്. മറ്റൊന്ന് സോംബികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കോടീശ്വരന്‍ നിര്‍മിച്ചതാണ് എന്നതായിരുന്നു. എന്തായാലും ഒടുവില്‍ സത്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
യഥാര്‍ഥത്തില്‍ എല്ലിഡേ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന വീട് എല്ലിഡേ ഹണ്ടിങ് അസോസിയേഷന്റെ ഉടമസ്ഥതയിലാണ് ഉള്ളത്. 1950ല്‍ പണികഴിപ്പിച്ച വീട് അസോസിയേഷനിലെ അംഗങ്ങളുടെ ഹണ്ടിങ് ക്യാബിനായാണ് ഉപയോഗിച്ചിരുന്നത്. വൈദ്യുതിയോ, വെള്ളമോ ലഭ്യമല്ലാത്ത വീട്ടില്‍ സ്ഥിരതാമസവും ഇല്ലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല