സ്വന്തം ലേഖകന്‍: മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് അഫ്ഗാനിസ്ഥാനിലെ പൊടി നിറഞ്ഞ ഒരു തെരുവില്‍ വച്ച് തന്റെ കാമറ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അത് ഇത്രയേറെ പ്രശസ്തമാകുമെന്ന് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറി കരുതിയില്ല. സ്റ്റീവ് അന്നെടുത്ത ഫോട്ടോ പിന്നീട് അഫ്ഗാന്‍ പെണ്‍കുട്ടി എന്ന പേരില്‍ പ്രശസ്തമാകുകയും ലോകം മുഴുവന്‍ പരക്കുകയും ചെയ്തത് ചരിത്രം.
എന്നാല്‍ ചിത്രം എടുക്കുന്ന സമയത്ത് അത് ഇത്രക്ക് വിശേഷപ്പെട്ടതാകുമെന്ന് കരുതിയില്ലെന്ന് സ്റ്റീവ് പറയുന്നു. ചുറ്റിലും പൊടിപടലവും ആള്‍ക്കൂട്ടവുമായിരുന്നു. അതിനിടയല്ലും ആ പെണ്‍കുട്ടിയുടെ തുളച്ചു കയറുന്ന കണ്ണുകളാണ് തന്റെ ശ്രദ്ധ ആകര്‍ഷിച്ചത് എന്ന് സ്റ്റീവ് ഓര്‍ക്കുന്നു.
ഉടനെ ക്ലിക്ക് ചെയ്‌തെങ്കിലും അന്ന് ഡിജിറ്റല്‍ കാമറകള്‍ ലഭ്യമല്ലാത്തതിനാല്‍ ചിത്രം കാണാന്‍ കഴിഞ്ഞില്ല. പിന്നീട് ഡാര്‍ക്ക് റൂമില്‍ ഫിലിം ഡെവലപ് ചെയ്തപ്പോഴാണ് തനിക്ക് കിട്ടിയത് ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു ചിത്രമാണെന്ന് സ്റ്റീവിന് ആദ്യം തോന്നിയത്.
12 കാരിയായ ഷര്‍ബത് ഗുലയുടെ ചിത്രമാണ് സ്റ്റീവിന് അതുവരെ ഇല്ലാത്ത പ്രശസ്തി നേടിക്കൊടുത്തത്. പഷ്തൂണ്‍കാരിയായ അനാഥ പെണ്‍കുട്ടി ഷര്‍ബത് അഫ്ഗാന്‍ പാക്ക് അതിര്‍ത്തിയിലെ നാസിര്‍ ബാഗ് അഭയാര്‍ഥി ക്യാമ്പില്‍ വച്ചാണ് 1984 ല്‍ സ്റ്റീവിന്റെ കാമറക്കു മുന്നിലെത്തിപ്പെട്ടത്.
ചിത്രം സ്റ്റീവിനെ ലോക പ്രശസ്തനാക്കിയതിന് പുറമേ പതിറ്റാണ്ടുകളായി അഫ്ഗാന്‍ ജനത അനുഭവിക്കുന്ന യുദ്ധ ദുരിതങ്ങളുടെ ശക്തമായ പ്രതീകമായി ഉയര്‍ത്തപ്പെട്ടു. ആത്മവിശ്വാസവും കരുത്തും സ്ഫുരിക്കുന്ന ഷര്‍ബതിന്റെ മുഖം അഫ്ഗാനിസ്ഥാനിലും വന്‍ പ്രചാരം നേടി.
ചിത്രത്തിന്റെ പ്രശസ്തിയും സ്വാധീനവും നാഷണന്‍ ജിയോഗ്രാഫിക് ചാനലിന് അഫ്ഗാന്‍ ചില്‍ഡ്രന്‍സ് ഫണ്ട് എന്നൊരു സംഘടന തുടങ്ങാനും പ്രേരണയായി. ഫോട്ടോയുടെ നന്ദി പ്രകടനമെന്നോണം ഇന്നും അഫ്ഗാനിസ്ഥാനില്‍ പോയാല്‍ സ്റ്റീവിന് ടാക്‌സി യാത്ര സൗജന്യമാണ്.
30 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ കുടുംബത്തോടൊപ്പം പാക്കിസ്ഥാനില്‍ ജീവിക്കുന്ന ഷര്‍ബാതിനെ മാധ്യമങ്ങള്‍ കണ്ടെത്തിയതും കൗതുകമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല