സ്വന്തം ലേഖകന്‍: രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ ഏറ്റവും പ്രധാനമാണ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍. ഇവ പലപ്പോഴും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തേയും പരസ്പര വിശ്വാസത്തേയും പ്രതിനിധീകരിക്കുന്നു. ഒപ്പം യാത്ര ചെയ്യുന്ന ആള്‍ ഏതു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ആണോ ഉപയോഗിക്കുന്നത് ആ രാജ്യത്തിന്റെ കരുത്തും.
വിവിധ തരത്തിലുള്ള സഖ്യങ്ങളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ യാത്രികര്‍ക്ക് വിസാ ഓണ്‍ എറൈവല്‍ സൗകര്യം നല്‍കാറുണ്ട്. എന്നാല്‍ പരസ്പരം അത്ര രസത്തിലല്ലാത്ത രാജ്യങ്ങളാകട്ടെ യാത്രക്കാരില്‍ നിന്ന് എന്‍ട്രി, എക്‌സിറ്റ് വിവരങ്ങള്‍, ക്ഷണക്കത്ത്, എന്‍ട്രി ഫീ ആയി കനത്ത തുക എന്നിവയെല്ലാം ആവശ്യപ്പെടാറുണ്ട്. ചുരുക്കത്തില്‍ നാം ഏതു പാസ്‌പോര്‍ട്ട് ആണ് കൈവശം വച്ചിരിക്കുന്നത് എന്നതിനനുസരിച്ച് നമ്മുടെ യാത്ര സുഖകരമോ അസുഖകരമോ ആകാമെന്ന് സാരം.
സാമ്പത്തിക ഉപദേശക സ്ഥാപനമായ ആര്‍ട്ടണ്‍ ക്യാപിറ്റല്‍ ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയുണ്ടാക്കിയിരിക്കുന്നത്. ഒരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ടുമായി വിസ ഇല്ലാതെയോ, വിസ ഓണ്‍ എറൈവല്‍ വ്യവസ്ഥയിലോ എത്ര രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.
അമേരിക്കന്‍, ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നേരത്തെ അനുവദിക്കപ്പെട്ട വിസയില്ലാതെ 147 രാജ്യങ്ങള്‍ ഈ പാസ്‌പോര്‍ട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സന്ദര്‍ശിക്കാം. ഫ്രാന്‍സ്, സൗത്ത് കൊറിയ, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. 145 രാജ്യങ്ങള്‍ ഈ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സുഖമമായ സന്ദര്‍ശനം ഉറപ്പു നല്‍കുന്നു.
ഇറ്റലി, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് മൂന്നാമത്. നാലാമത് ഡെന്മാര്‍ക്ക്, സിംഗപ്പൂര്‍, ഫിന്‍ലന്‍ഡ്, ജപ്പാന്‍, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്‌സ് എന്നിവയും അഞ്ചാമത് സ്വിറ്റ്‌സര്‍ലന്‍ഡുമാണ്. പതിനൊന്നാം സ്ഥാനത്തുള്ള ഹോങ്കോങ്ങാണ് ജപ്പാനും കൊറിയയും കഴിഞ്ഞാല്‍ മുന്‍നിരയിലുള്ള ഏഷ്യന്‍ പ്രതിനിധി. ചൈന നാല്പത്തിയഞ്ചാം സ്ഥാനത്തും ഇന്ത്യ അമ്പത്തൊമ്പതാം സ്ഥാനത്തുമുണ്ട്.
സോളമന്‍ ഐലന്റ്‌സ്, മ്യാന്മര്‍, സൗത്ത് സുഡാന്‍, സാവോ ടോം ആന്‍ഡ് പ്രിന്‍സൈപ്, പലസ്തീന്‍ പ്രദേശങ്ങള്‍ എന്നിവരുടെ പാസ്‌പോര്‍ട്ടുകളുമായാണ് നിങ്ങള്‍ യാത്ര ചെയ്യുന്നതെങ്കില്‍ മുന്‍കൂര്‍ വിസയില്ലാതെ വെറും 20 രാജ്യങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല