സ്വന്തം ലേഖകന്‍: ജീവിച്ചിരുന്നവരില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിച്ച അവസാന വ്യക്തിയായിരുന്ന എമ്മ മുത്തശ്ശി വിടവാങ്ങി. ഇറ്റലിക്കാരിയായ എമ്മ മൊറാനോയാണ് നൂറ്റിപ്പതിനേഴാമത്തെ വയസില്‍ അന്തരിച്ചത്. ലോകത്തില്‍ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന ബഹുമതിയും ഈ മുത്തശ്ശിയ്ക്ക് സ്വന്തമായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം 1899 നവംബര്‍ 29 നാണ് എമ്മ മുത്തശ്ശി ജനിച്ചത്. ഈ കാലഘട്ടത്തിലാണ് രണ്ടു ലോകമഹായുദ്ധങ്ങളും ആഗോള സാമ്പത്തികമാന്ദ്യവും ഉള്‍പ്പെടെ നിരവധി ചരിത്ര സംഭവങ്ങളാണ് എമ്മയുടെ കണ്മുന്നിലൂടെ കടന്നുപോയത്. കഴിഞ്ഞവര്‍ഷം ലോക മുത്തശ്ശി എന്ന പദവി കൈയടക്കി വെച്ചിരുന്ന സൂസന്ന മഷാത്ത് മരിച്ചതിനു ശേഷമാണ് എമ്മയെ തേടി ബഹുമതി എത്തുന്നത്.
എമ്മയും വിട പറഞ്ഞതോടെ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിച്ച അവസാന വ്യക്തിയും വിട പറഞ്ഞു. ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയ എമ്മ 65 വയസ്സു വരെ ചണ ഫാക്ടറിയില്‍ തൊഴിലാളിയായിരുന്നു. പിന്നാലെ ഹോട്ടലില്‍ പാചകക്കാരിയായി. കാഴ്ച ശക്തിയും കേള്‍വി ശക്തിയും അലട്ടിയതോടെ എമ്മ കുറച്ചു നാളുകളായി സാമൂഹ്യ ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുകയായിരുന്നു.
അവസാന വര്‍ഷങ്ങള്‍ മുട്ടകള്‍ മാത്രമായിരുന്നു എമ്മയുടെ ഭക്ഷണം. ദിവസം മൂന്നു മുട്ടയായിരുന്നു മുത്തശ്ശി കഴിച്ചിരുന്നത്. ആയുസു കൂട്ടുന്ന തരത്തിലുള്ള പ്രത്യേക രീതിയിലുള്ള ആരോഗ്യ പരിരക്ഷയൊന്നും എമ്മ ശീലിച്ചിരുന്നില്ലെന്ന് എമ്മയുടെ ഡോക്ടര്‍ വ്യക്തമാക്കുന്നു. എമ്മയുടെ ആയൂര്‍ ദൈര്‍ഘ്യത്തിന്റെ കാരണങ്ങള്‍ വിവിധ സര്‍വകലാശാലകള്‍ പഠിച്ചുവരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല